മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറിൽ നായകനാവാൻ മമ്മൂട്ടി!

0

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറിൽ നായകനാവാൻ മമ്മൂട്ടി!

ഒരു നവാഗത സംവിധായകന്‍റെ ചിത്രത്തിൽ കൂടി മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവാൻ ഒരുങ്ങുകയാണ്. മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നവാഗതനായ ഡീൻ ഡെന്നിസ് ആണ്. പ്രശസ്ത തിരക്കഥാകൃത്തായ കലൂർ ഡെന്നിസിന്‍റെ മകൻ ആണ് ഡീൻ ഡെന്നിസ്. മമ്മൂട്ടിക്ക് വേണ്ടി ഒട്ടേറെ തിരക്കഥകൾ എഴുതിയിട്ടുള്ള ആളാണ് കലൂർ ഡെന്നിസ്.

ഡീൻ ഡെന്നിസ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ പുതിയ ചിത്രത്തിൽ മുപ്പത്തിയൊൻപതുകാരൻ ആയ വിനോദ് മേനോൻ എന്ന സഞ്ചാരിയുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. തിരക്കഥ കേട്ട മമ്മൂട്ടി തന്നെയാണ് തന്നോട് ഈ ചിത്രം സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടത് എന്ന് ഡീൻ പറയുന്നു.ഈ ബിഗ് ബജറ്റ് ത്രില്ലർ നിർമ്മിക്കാൻ പോകുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആയിരിക്കും. ഇപ്പോൾ കമ്മാര സംഭവം , കായംകുളം കൊച്ചുണ്ണി എന്നിവയുടെ തിരക്കിൽ ആണ് അദ്ദേഹം.

ഈ വർഷം ഡിസംബറിൽ ഷൂട്ടിങ് തുടങ്ങാൻ പാകത്തിനാണ് ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുക എന്നാണ് ഡീൻ പറയുന്നത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രമുഖ യുവ താരങ്ങൾ ഈ ചിത്രത്തിന്‍റെ താര നിരയുടെ ഭാഗം ആവും. ആക്ഷനും, കോമഡിയും, സസ്‌പെൻസും, റൊമാന്സും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാവും ഈ ചിത്രമൊരുങ്ങുക എന്നാണ് സൂചന. കൊച്ചിയിൽ നിന്നു ഒരു യാത്ര പുറപ്പെടുന്ന വിനോദ് മേനോൻ അയാളുടെ യാത്രയിൽ ചില കഥാപാത്രങ്ങളെ കണ്ടു മുട്ടുകയും അയാൾ പോലുമറിയാതെ ചില സംഭവങ്ങളുടെ ഭാഗമായി അയാൾ മാറുകയും ചെയ്യുന്നു.

മമ്മൂട്ടിയെ വെച്ച് ആ രാത്രി മുതൽ എഴുപുന്ന തരകൻ വരെയുള്ള ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ആളാണ് ഡീൻ ഡെന്നിസിന്‍റെ അച്ഛൻ കലൂർ ഡെന്നിസ്. അച്ഛന്‍റെ മേൽനോട്ടത്തിൽ തന്നെയാണ് താൻ ഈ ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയാക്കിയത് എന്ന് ഡീൻ പറയുന്നു. മമ്മൂട്ടി ഇപ്പോൾ സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ സെറ്റിൽ ആണ്. പരോൾ, അങ്കിൾ , പേരന്പ് , അബ്രഹാമിന്‍റെ സന്തതികൾ എന്നിവയാണ് മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങൾ.