‘ടർബോ’ പുതിയ റിലീസ് തീയതിയിലേക്ക്; വൈകുകയല്ല, ജോസ് നേരത്തെ ഇങ്ങ് എത്തും!

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഇനി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തിന്റെ പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് രചന നിർവഹിച്ച ഈ ആക്ഷൻ കോമഡി ചിത്രം ജൂൺ പതിമൂന്നിന് ആഗോള റിലീസായി എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാലിപ്പോൾ ചിത്രം അതിലും നേരത്തെ തന്നെ തിയേറ്റർ റിലീസിന് തയ്യാറാകുകയാണ് എന്നത് ആണ് പുതിയ വാർത്ത. ഈ വരുന്ന മെയ് ഇരുപത്തിമൂന്നിന് ടർബോ ആഗോള റിലീസായി എത്തും എന്ന് ഔദ്യോഗികമായി അറിയിപ്പ് വന്നിരിക്കുകയാണ്. മാറിയ റിലീസ് തീയതി അറിയിച്ച് കൊണ്ട് പുതിയ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. എഴുപത് കോടിയോളം ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്.
#Turbo In Cinemas Worldwide on May 23, 2024@MKampanyOffl @DQsWayfarerFilm @Truthglobalofcl @TurboTheFilm pic.twitter.com/e8nblh56hA
— Mammootty (@mammukka) April 30, 2024
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരിക്കും ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. നാനൂറിൽ കൂടുതൽ സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടിയുടെ ഏറ്റവും വലിയ ആഗോള റിലീസായി മാറ്റാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിക്കൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി, മലയാള യുവതാരം സണ്ണി വെയ്ൻ, പ്രശസ്ത തെലുങ്ക് നടൻ സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ്, കാമറ ചലിപ്പിച്ചത് വിഷ്ണു ശർമ്മ എന്നിവരാണ്. ഫീനിക്സ് പ്രഭു ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി ടീമിൽ നിന്ന് വരുന്ന ചിത്രം കൂടിയാണ് ടർബോ.