മോഹൻലാൽ സർ ഇന്ത്യയുടെ അഭിമാനം, ഗംഭീരമാക്കി ശോഭന; 50 തവണ കണ്ട ആ മലയാള ചിത്രത്തെ കുറിച്ച് സെൽവ രാഘവൻ…

തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളും നടനുമായ സെൽവ രാഘവന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിനെ കുറിച്ചാണ് സെൽവ രാഘവന്റെ കുറിപ്പ്. ഫാസിൽ സർ ഒരുക്കിയ ഈ ക്ലാസിക് ചിത്രം താൻ ഇതിനോടകം 50 തവണയെങ്കിലും കണ്ടിട്ടുണ്ടെന്നും ഇതിൽ ശോഭനയുടെ പ്രകടനം ഗംഭീരമാണെന്നും അദ്ദേഹം പറയുന്നു. ഇതിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ശോഭന നേടിയ കാര്യവും പരാമർശിച്ച അദ്ദേഹം, ഇതിൽ നായക വേഷം ചെയ്ത മോഹൻലാലിനെ കുറിച്ച് പറയുന്നത് അദ്ദേഹം ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് എന്നാണ്. ദൃശ്യത്തിന് മുൻപ് ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്.
ചന്ദ്രമുഖി എന്ന പേരിൽ രജനികാന്ത്- ജ്യോതിക- നയൻതാര ടീം അഭിനയിച്ചു തമിഴിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു. തമിഴിൽ ഈ ചിത്രം റീമേക്ക് ചെയ്തത് പി വാസു ആണെങ്കിൽ ഇത് ഭൂൽ ഭുലയ്യ എന്ന പേരിൽ ബോളിവുഡിലെത്തിച്ചത് പ്രിയദർശനാണ്. കന്നഡയിൽ ആപ്തമിത്ര എന്ന പേരിലും ബംഗാളിയിൽ രാജ്മോഹോൽ എന്ന പേരിലുമാണ് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തിരിക്കുന്നത്.
""Manichitrathazhu "
The film I have seen almost 50 times ! A classic from Fazil sir. Shobana nailed it. She won a national award for the role. @Mohanlal sir , our national pride ! pic.twitter.com/GiBhk1lmVi— selvaraghavan (@selvaraghavan) May 4, 2024
1993 ഇൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് അന്ന് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ്. 1991 ഇൽ പുറത്തു വന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രമായ കിലുക്കം സ്ഥാപിച്ച കളക്ഷൻ റെക്കോർഡാണ് മണിച്ചിത്രത്താഴ് തകർത്തത്. കേരളത്തിലെ എ ക്ലാസ് തീയേറ്ററിൽ 300 ഇൽ കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചുരുക്കം ചില ചിത്രങ്ങളിലൊന്ന് കൂടിയാണ് മണിച്ചിത്രത്താഴ്. മധു മുട്ടം രചന നിർവഹിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, വിനയ പ്രസാദ്, കെ പി എ സി ലളിത, കുതിരവട്ടം പപ്പു, ഗണേഷ് കുമാർ, സുധീഷ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.
സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് ജോൺസൻ മാസ്റ്റർ, ഗാനങ്ങൾ ഒരുക്കിയത് എം ജി രാധാകൃഷ്ണൻ എന്നിവരാണ്. ടി ആർ ശേഖർ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് വേണു, ആനന്ദക്കുട്ടൻ, സണ്ണി ജോസഫ് എന്നിവരാണ്. പ്രിയദർശൻ, സിബി മലയിൽ, സിദ്ദിഖ്- ലാൽ എന്നിവർ ഈ ചിത്രത്തിന്റെ സെക്കന്റ് യൂണിറ്റ് സംവിധായകരായി ജോലി ചെയ്തിട്ടുണ്ട്.
English Summary: Selvaraghavan About Manichithrathazhu, Mohanlal, Shobana