ഇനി ലവ് ലെറ്റർ അല്ല, ഹേറ്റ് ലെറ്റർ; മോളിവുഡ് ടൈംസിലൂടെ ഒന്നിക്കാൻ നസ്ലിൻ-അഭിനവ് സുന്ദർ നായക് ടീം

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ പ്രേമലുവിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ നസ്ലിനാണ് നായകനായി എത്തുന്നത്. മോളിവുഡ് ടൈംസ് എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഈ സിനിമ ഒട്ടും തന്നെ സാങ്കല്‍പ്പികമല്ല, ഇതില്‍ കാണാന്‍ പോകുന്നതെല്ലാം നിജം എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.
‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. 2025ലാണ് മോളിവുഡ് ടൈംസ് പ്രേക്ഷകരുടെ മുന്നിലെത്തുക. ‘പ്രേമലു’ എന്ന വമ്പൻ വിജയചിത്രത്തിന് ശേഷം നസ്ലിൻ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും മോളിവുഡ് ടൈംസ് വലിയ ശ്രദ്ധ നേടുന്നുണ്ട്.
വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ഒരുക്കി കൊണ്ടാണ് അഭിനവ് സുന്ദർ നായക് അരങ്ങേറ്റം കുറിച്ചത്. വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞ ഈ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഭിനവ് തന്റെ രണ്ടാം ചിത്രം പ്രഖ്യാപിച്ചത്. ഏതായാലും സിനിമയുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇനി അഭിനവ് ഒരുക്കാൻ പോകുന്നതെന്ന സൂചനയാണ് മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തരുന്നത്.
ചിത്രത്തിലെ മറ്റു താരങ്ങളുടേയും സാങ്കേതിക പ്രവർത്തകരുടേയും വിവരങ്ങൾ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രേമലു ഒരുക്കിയ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഐ ആം കാതലൻ എന്ന ചിത്രമായിരിക്കും നസ്ലിൻ നായകനായി ഇനി റിലീസ് ചെയ്യാൻ പോകുന്നത്.
English Summary: Abhinav Sunder to direct Naslen in Mollywood Times