മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരും എത്തുന്നു; ടീസർ ജൂലൈയിൽ

0

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരും എത്തുന്നു; ടീസർ ജൂലൈയിൽ

മോഹൻലാൽ- പ്രിയദർശൻ ടീമിന്‍റെ മരക്കാർ:അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. നൂറ് കോടി ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ താര നിരയും ഇതിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഖ്യാപനവും ഓരോ ദിവസവും ഉണ്ടാവുകയും അവ സോഷ്യൽ മീഡിയയിൽ വലിയ ഓളം സൃഷ്ടിക്കുകയും ചെയ്യുകയാണ്. എന്നാൽ ഇപ്പോഴിതാ അതിനൊപ്പം മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ IV എന്ന ചിത്രവും വാർത്തകളില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുക ആണ്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ടീസർ ജൂലൈയിൽ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമയിൽ നിന്നുള്ള വിവരം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത ക്യാമറാമാൻ ആയ റോബി വർഗീസ് രാജ് ആണ് ഈ ടീസർ തയ്യാറാക്കിയത് എന്നും ഓഗസ്റ്റ് സിനിമാസ് നിർമ്മിച്ച തീവണ്ടി എന്ന ടോവിനോ തോമസ് ചിത്രത്തിന് ഒപ്പം ഈ ടീസർ ജൂലൈയിൽ തീയേറ്ററുകളിൽ കാണിക്കുകയും ചെയ്യുമെന്നാണ് സൂചനകള്‍. അതോടൊപ്പം തന്നെ ഈ ടീസറിന്‍റെ ഓൺലൈൻ റിലീസും ഉണ്ടാകും.

ഓഗസ്റ്റ് സിനിമയും ഐ സി എലും ചേർന്ന് നിർമ്മിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ വലിയ താര നിര തന്നെ അണിനിരക്കുമെന്നും ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് തീയതിയും അധികം വൈകാതെ പുറത്തു വിടുമെന്നും ഓഗസ്റ്റ് സിനിമ അറിയിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി ആവും ഇതും ഒരുങ്ങുക.

മോഹൻലാൽ – പ്രിയദർശൻ ടീമിന്‍റെ ചിത്രത്തിൽ ബോളിവുഡ്, തമിഴ്, തെലുങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ജോലി ചെയ്യും. ഇന്റർനാഷണൽ നിലവാരത്തിൽ ആവും ഈ ചിത്രവും ഒരുങ്ങുക. ഈ ചിത്രം നവംബർ മാസത്തിൽ ആരംഭിക്കും. അതെ സമയം, മറ്റു പ്രൊജക്റ്റുകളുമായി ഈ വർഷം തിരക്കിൽ ആണെന്ന് മുൻപ് സന്തോഷ് ശിവൻ പ്രതികരിച്ചിരുന്നു. എന്തായാലും ചിത്രത്തിന്‍റെ ഷൂട്ടിംഗ് തീയതി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ഓഗസ്റ്റ് സിനിമ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത് വരെ ആരാധകർക്ക് കാത്തിരിക്കേണ്ടി വരും.

വായിക്കാം: സാബു സിറിലും എത്തി; ഇന്ത്യൻ സിനിമയിലെ വിസ്മയമാകാൻ മോഹൻലാൽ – പ്രിയദർശൻ ചിത്രം!