പുതിയ ചിത്രത്തിൽ കോളേജ് പ്രൊഫസർ ആയി ദുൽഖർ സൽമാൻ എത്തുന്നു!
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് മുഴുവൻ അന്യ ഭാഷാ ചിത്രങ്ങൾ ആണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ എത്തിയ ‘സോളോ’ എന്ന ചിത്രത്തിന് ശേഷം ദുൽകർ സൽമാൻ ചിത്രങ്ങള്‍ ഒന്നും തന്നെ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടില്ല. ഈ കാലയളവിൽ ദുൽഖർ അഭിനയിച്ച മഹാനടി എന്ന തെലുങ്കു ചിത്രം റിലീസ് ചെയ്തിരുന്നു. കാർവാൻ, സോയ ഫാക്ടർ എന്നീ ഹിന്ദി ചിത്രങ്ങളും കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രവും ദുല്‍ഖര്‍ പൂര്‍ത്തിയാക്കി. ഇപ്പോൾ വാൻ എന്ന ഒരു തമിഴ് ചിത്രം കൂടി ചെയ്യുകയാണ് ദുൽഖർ. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ദുൽഖർ മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്.
നവാഗതനായ നൗഫൽ ഒരുക്കുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന ചിത്രം ആയിരിക്കും ദുൽഖർ ഉടനെ തുടങ്ങുക. എന്നാൽ അതിനു ശേഷം തുടങ്ങാൻ പോകുന്ന ഒരു ദുൽഖർ ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ചിത്രത്തിൽ ദുൽഖർ ആണ് നായകൻ എന്നാണ് റിപ്പോർട്ടുകൾ വരുന്നത് . മിഥുൻ മാനുവൽ തോമസ് തന്നെ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസ്സർ ആയാണ് ദുൽഖർ അഭിനയിക്കാൻ പോകുന്നതെന്നാണ് സൂചന. വിജയ് ബാബു ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.
മമ്മൂട്ടിയെ നായകനാക്കി ‘കോട്ടയം കുഞ്ഞച്ചൻ 2’ എന്ന ചിത്രവും മിഥുൻ മാനുവൽ തോമസ് – വിജയ് ബാബു കൂട്ടുകെട്ട് തന്നെയാണ് ഒരുക്കാൻ പോകുന്നത്. ഈ ചിത്രം കൂടാതെ ‘ആട് 3’ എന്ന ചിത്രവും ഇവർ പ്ലാൻ ചെയ്യുന്നുണ്ട്. ദുൽഖർ ആണെങ്കിൽ ‘ഒരു യമണ്ടൻ പ്രേമ കഥ’ കൂടാതെ ശ്രീനാഥ് രാജേന്ദ്രന്റെ ‘സുകുമാര കുറുപ്പും’, സലാം ബുഖാരി ഒരുക്കാൻ പോകുന്ന ഒരു ചിത്രവുമാണ് മലയാളത്തിൽ ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ളത്. അതോടൊപ്പം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രവും, മേല്പറഞ്ഞ മിഥുൻ മാനുവൽ തോമസ് ചിത്രവും കൂടി വന്നേക്കാം എന്നുമാണ് റിപ്പോർട്ടുകൾ. മിഥുൻ മാനുവൽ തോമസിന്റെ ‘ആൻ മരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തിയിരുന്നു.