ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു; നിർമ്മിക്കുന്നത് ബിഗ് ബജറ്റ് ത്രില്ലർ
പ്രശസ്ത നടൻമാർ നിർമ്മാതാക്കൾ ആവുന്നതും തങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുന്നതും ഒരു പുതിയ സംഭവം അല്ല. മലയാളത്തിലെ സൂപ്പർ താരങ്ങള്‍ക്കും പ്രമുഖ നടന്മാര്‍ക്കുമെല്ലാം സ്വന്തമായി നിര്‍മ്മാണ കമ്പനികള്‍ ഉണ്ട്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, നിവിൻ പോളി, പൃഥ്വിരാജ്, ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങി മുകേഷ്, ശ്രീനിവാസൻ, രഞ്ജി പണിക്കർ എന്നിവരൊക്കെ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളവരാണ്. ഇതിൽ മോഹൻലാൽ ആണ് മലയാളത്തിൽ ഏറ്റവും കൂടുതൽ വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള നടന്‍. അദ്ദേഹത്തിന്‍റെ ബാനർ ആയ ആശീർവാദ് സിനിമാസ് ആണ് ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലുതും വിജയവും നേടിയിട്ടുള്ളതുമായ പ്രൊഡക്ഷൻ ബാനർ. ഇപ്പോഴിതാ യുവതാരവും മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാനും നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദുൽഖർ തന്നെ നായകനായി എത്തുന്ന ചിത്രമായ സുകുമാര കുറുപ്പ് ആണ് ദുൽഖർ നിർമ്മിക്കാൻ പോകുന്ന ചിത്രമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ദുൽഖറിന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ ആണ് സുകുമാര കുറുപ്പ് സംവിധാനം ചെയ്യാൻ പോകുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍റെ മൂന്നാമത്തെ ചിത്രം ആയിരിക്കും സുകുമാര കുറുപ്പ്. കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുക എന്നാണ് സൂചന.
വമ്പൻ ബഡ്ജറ്റിൽ അണിയിച്ചൊരുക്കാൻ പോകുന്ന ഈ ചിത്രം രചിക്കുന്നത് ജിതിൻ കെ ജോസ്, ജിഷ്ണു ശ്രീകുമാർ എന്നിവർ ചേർന്നാണ്. ഈ വർഷം അവസാനത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആണ് നടക്കുന്നത് എന്നാണ് സൂചന. ചിത്രം ദുൽഖർ സൽമാൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ദുൽഖർ ഇനി ചെയ്യാൻ പോകുന്ന ചിത്രം നവാഗതനായ നൗഫൽ ഒരുക്കുന്ന ‘ഒരു യമണ്ടൻ പ്രേമ കഥ’ ആയിരിക്കും. അതിനു ശേഷമായിരിക്കും ‘സുകുമാര കുറുപ്പ്’ തുടങ്ങുക എന്നാണ് സൂചന.
ഒരു ത്രില്ലര്‍ ചിത്രമായി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ആണ് ശ്രീനാഥ് രാജേന്ദ്രന്‍റെ ശ്രമം എന്നാണ് അറിയുന്നത്. കഴിഞ്ഞ മുപ്പത്തിനാലോളം വർഷങ്ങളായി സുകുമാര കുറുപ്പ് ഒളിവിലാണ്. ഇപ്പോഴും പോലീസ് തിരയുന്ന പിടികിട്ടാപുള്ളിയാണ് സുകുമാര കുറുപ്പ്.
വായിക്കാം: പുതിയ ചിത്രത്തിൽ കോളേജ് പ്രൊഫസർ ആയി ദുൽഖർ സൽമാൻ എത്തുന്നു!