58 മണിക്കൂറിൽ 100 കോടി കടന്ന് ‘ദൃശ്യം 3’; അഞ്ചാമതും 100 കോടി ക്ലബിൽ മോഹൻലാൽ

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിനങ്ങൾ പിന്നിടുമ്പോൾ 110 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ. റിലീസ് ചെയ്ത് 58 മണിക്കൂർ കൊണ്ടാണ് ചിത്രം 100 കോടി ആഗോള ഗ്രോസ് പിന്നിട്ടത്. മൂന്നു ദിവസം കൊണ്ട് 30 കോടിയോളം കേരളാ ഗ്രോസ് നേടിയ ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് 18 കോടിയോളമാണ്. വിദേശത്തു നിന്നും ആദ്യ രണ്ട് ദിനം കൊണ്ട് 45 കോടിയാണ് ചിത്രം നേടിയ ഗ്രോസ്.
മൂന്നാം ദിനം കൊണ്ട് ചിത്രത്തിന്റെ വിദേശ ഗ്രോസ് 60 കോടി പിന്നിടുമെന്നാണ് റിപ്പോർട്ട്. വിദേശത്തു നിന്ന് മാത്രം 50 കോടിക്ക് മുകളിൽ നേടുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് ദൃശ്യം 3 . ലൂസിഫർ, എമ്പുരാൻ, തുടരും എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു മൂന്നു ചിത്രങ്ങൾ. ഇതിൽ എമ്പുരാൻ നേടിയ വിദേശ ഗ്രോസ് 144 കോടിയും, തുടരും നേടിയ വിദേശ ഗ്രോസ് 95 കോടിയോളവുമാണ്.
നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രമാണ് ദൃശ്യം 3 . പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ, തുടരും എന്നിവയാണ് മറ്റു നാല് ചിത്രങ്ങൾ. മലയാളത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് മോഹൻലാൽ. മലയാളത്തിൽ മറ്റൊരു താരത്തിനും ഒന്നിൽ കൂടുതൽ നൂറു കോടി ക്ലബ് ചിത്രങ്ങൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. ആഗോള തലത്തിൽ ചിത്രം 200 കോടി കടന്നാൽ 14 മാസത്തിനുള്ളിൽ 200 കോടി കടക്കുന്ന മൂന്നു ചിത്രങ്ങൾ ഉള്ള ഒരേയൊരു താരമായും മോഹൻലാൽ മാറും.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ തീയേറ്റർ വിതരണം പനോരമ, പെൻ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. മലയാളം കൂടാതെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, ആശ ശരത്, സിദ്ദിഖ്, മുരളി ഗോപി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിൽ ജോൺസൻ, എഡിറ്റിംഗ് നിർവഹിച്ചത് വി എസ് വിനായക്, കാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ്.

