in

മലയാളിയുടെ വികാരമായ സേതുമാധവൻ തിരിച്ചെത്തുന്നു; കിരീടം റീറിലീസിന്

മലയാളിയുടെ വികാരമായ സേതുമാധവൻ തിരിച്ചെത്തുന്നു; കിരീടം റീറിലീസിന്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’, നവീന സാങ്കേതികവിദ്യയുടെ അകമ്പടിയോടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. 1989-ൽ പുറത്തിറങ്ങിയ ഈ ചിത്രം റിലീസായി മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ, 4K ദൃശ്യഭംഗിയിലും ഡോളബി അറ്റ്മോസ് ശബ്ദക്രമീകരണത്തിലും ജൂൺ മാസത്തിൽ വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ റീ-റിലീസ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡാണ് ഈ ദൃശ്യവിരുന്ന് പ്രേക്ഷകർക്കായി ഒരുക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയുടെ സിനിമാ സങ്കൽപ്പങ്ങളിൽ സേതുമാധവൻ എന്ന കഥാപാത്രത്തിന് നൽകിയ ഇടം വളരെ വലുതാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഒരു ചെറുപ്പക്കാരന്റെ ജീവിതം എങ്ങനെയാണ് തകർക്കപ്പെടുന്നതെന്നും, അവൻ എങ്ങനെയാണ് കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നതെന്നും ‘കിരീടം’ എന്ന ചിത്രം അങ്ങേയറ്റം വൈകാരികമായാണ് അവതരിപ്പിച്ചത്.

മോഹൻലാലിനൊപ്പം തിലകൻ, പാർവതി, ജഗതി ശ്രീകുമാർ, ജഗദീഷ്, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ വേഷമിട്ട ചിത്രം, ഒട്ടേറെ അതുല്യ പ്രതിഭകളുടെ സാന്നിധ്യത്താലും സമ്പന്നമാണ്. അകാലത്തിൽ വിടപറഞ്ഞ മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത എന്നിവരുടെ മികച്ച പ്രകടനങ്ങൾ ഒന്നുകൂടി വെള്ളിത്തിരയിൽ കാണാൻ പ്രേക്ഷകർക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്.

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ @ ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മൂന്നാം വരവിൽ വാക്കുകളിൽ ഭയം നിറച്ച് ജോർജ്കുട്ടി; ദൃശ്യം 3 ടീസർ പുറത്ത്