‘നിങ്ങൾ നടനിലൂടെ താരമായി കഴിഞ്ഞിരിക്കുന്നു ജയസൂര്യ’; മേരികുട്ടിയെ പ്രശംസിച്ചു ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ
വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുത്ത് അതിഗംഭീരമായി അവതരിപ്പിച്ചു ജയസൂര്യ എന്ന നടൻ വിസ്മയിപ്പിക്കുക ആണ്. ജയസൂര്യയുടെ അഭിനയമികവിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ് ഞാൻ മേരികുട്ടി എന്ന ചിത്രം. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ട്രാൻസ്‍ജെൻഡർ വേഷത്തിൽ ആണ് ജയസൂര്യ എത്തിയത്. സിനിമാ മേഖലയിൽ നിന്ന് നിരവധിപേർ ചിത്രത്തെയും നടനെയും പ്രശംസിച്ചു. ഒടിയൻ സംവിധായകൻ വി എ ശ്രീകുമാർ മേനോന്റെ പ്രശംസയും താരത്തെ തേടി എത്തി.
മേരി കുട്ടിയിൽ നിന്ന് താൻ മോചിതനായില്ലന്ന് ശ്രീകുമാർ മേനോൻ പറയുന്നു. സിനിമയിൽ എവിടെയും ജയസൂര്യയെ കാണാൻ കഴിഞ്ഞില്ലെന്നും ഓരോ സീനിലും മേരിക്കുട്ടിയായി അദ്ദേഹം നിറഞ്ഞാടിയിരിക്കുക ആണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
നില്പിലും നടപ്പിലുമുള്ള സ്വാഭാവിക അഭിനയം, സ്ത്രൈണ ഭാവങ്ങൾ, ഡയലോഗുകൾ എല്ലാം ഒന്നിനൊന്ന് വിസ്മയിപ്പിക്കുന്നത് ആയിരുന്നു എന്ന് ശ്രീകുമാർ കൂട്ടിച്ചേർത്തു. നടനിലൂടെ താരമായി ജയസൂര്യ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രത്തിന്‍റെ സംവിധായകൻ രഞ്ജിത്ത് ശങ്കറിനെയും ശ്രീകുമാർ മേനോൻ പ്രശംസിച്ചു. കണ്ടുമറക്കുന്ന ഒരു ചിത്രത്തിന് അപ്പുറം ഒരു അനുഭവം സമ്മാനിച്ചതിന് അണിയറപ്രവർത്തകരോട് ശ്രീകുമാർ നന്ദിയും പറഞ്ഞു.