‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും; ‘ഉന്മാദം’ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമയിൽ സജീവമാകുന്നതിന്റെ ഭാഗമായി പനോരമ സ്റ്റുഡിയോസ് നിർമ്മിക്കുന്ന മൂന്നാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് ‘ഉന്മാദം’ എന്നാണ് പേരിട്ടിരിക്കുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഓഗസ്റ്റ് 7-ന് തീയേറ്ററുകളിലെത്തും.
മലയാളത്തിലെ മുൻനിര എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ജോജി’, ‘രോമാഞ്ചം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ച കിരണിന്റെ ആദ്യ സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമാ വൃത്തങ്ങൾ ഇതിന് നൽകുന്നത്.
വ്യക്തിജീവിതത്തിലെ തകർച്ചകളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോൺസ്റ്റബിളിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതും എന്നാൽ തെളിയിക്കപ്പെടാത്തതുമായ ഒരു കേസ് ഇദ്ദേഹം പുനരന്വേഷിക്കുന്നതാണ് കഥാതന്തു. അന്വേഷണം പുരോഗമിക്കുന്തോറും സത്യാവസ്ഥകൾ തിരിച്ചറിയാൻ കഴിയാത്ത വിധം നിഗൂഢതകൾ വർദ്ധിക്കുന്ന രീതിയിലാണ് ആഖ്യാനം നിർവ്വഹിച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് ടി-സീരീസ് ചെയർമാൻ ഭൂഷൺ കുമാർ ഇങ്ങനെ പ്രതികരിച്ചു: “മനഃശാസ്ത്രപരമായ തീവ്രതയും വൈകാരിക അടിത്തറയുമുള്ള ആഖ്യാനമാണ് ഉന്മാദത്തിന്റേത്. മുമ്പ് പറയാത്ത രീതിയിലുള്ള കഥകൾ പറയുന്ന സിനിമകളെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ട്.” പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് സിനിമയിലെ സസ്പെൻസിനെക്കുറിച്ച് വാചാലനായി: “എന്താണ് യഥാർത്ഥ്യം, എന്താണ് മിഥ്യ എന്ന് പ്രേക്ഷകരെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരു അനുഭവം സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്.” പ്രകടനങ്ങളിൽ ഊന്നിയ സിനിമയാണിതെന്ന് നിർമ്മാതാവ് അഭിഷേക് പഥക് കൂട്ടിച്ചേർത്തു.
തന്റെ കഥാപാത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പറയുന്നത് ഇങ്ങനെ: “ഒരു വ്യക്തിയുടെ ഉള്ളിൽ നിശബ്ദമായി വളരുന്ന ആവേശത്തെക്കുറിച്ചാണ് ഉന്മാദം പറയുന്നത്. ഉത്തരവാദിത്തത്തിനും സംശയത്തിനും ഇടയിൽ അകപ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ കഥാപാത്രം. ഒരേസമയം വൈകാരിക തീവ്രതയും സംയമനവും ആവശ്യമുള്ള വേഷമാണിത്.”
സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സാഹചര്യങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് ലിജോമോൾ ജോസ് വ്യക്തമാക്കി. “തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ഭയം, ആശയക്കുഴപ്പം, സത്യം എന്നിവ കൂട്ടിമുട്ടുന്ന ഒരവസ്ഥയാണിത്. സാഹചര്യം കുഴഞ്ഞുമറിയുമ്പോൾ പോലും വികാരങ്ങൾ എത്രത്തോളം യഥാർത്ഥമാണ് എന്നതാണ് സിനിമയുടെ പ്രത്യേകത,” ലിജോമോൾ പറഞ്ഞു.
തന്റെ ആദ്യ ചിത്രത്തിന്റെ പേരിനെക്കുറിച്ച് സംവിധായകൻ കിരൺ ദാസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “കഥയിലെ സംഭവങ്ങളിൽ മാത്രമല്ല, കേന്ദ്രകഥാപാത്രത്തിന്റെ അനുഭവങ്ങളിലും പ്രകടമാകുന്ന ഒരുതരം ഭ്രാന്തമായ അവസ്ഥയെയാണ് ‘ഉന്മാദം’ പ്രതിഫലിപ്പിക്കുന്നത്. അയാൾ പിന്തുടരുന്നത് അമാനുഷികമായ ഒന്നാണോ അതോ അതിനു പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങളാണോ എന്ന ഉദ്വേഗമാണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്.”
ഛായാഗ്രഹണം: അർജുൻ സേത്ത്, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.

