“എന്ത് വന്നാലും ഈ കല്യാണം ഞാൻ നടത്തും”; ചിരി ഉത്സവമായി ‘ഗുരുവായൂരമ്പല നടയിൽ’ ട്രെയിലർ…
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വിപിൻ ദാസ് ഒരുക്കിയ ഫാമിലി കോമഡി ചിത്രം ഗുരുവായൂരമ്പല നടയിലിന്റെ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന വിധം ഒരു വമ്പൻ ചിരി പൂരം തന്നെയാണ് ഈ ചിത്രം ഒരുക്കിവെച്ചിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രെയിലർ തരുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആനന്ദ്, ബേസിൽ അവതരിപ്പിക്കുന്ന വിനു എന്നെ കഥാപാത്രങ്ങളുടെ ചുറ്റുമാണ് ഈ ചിത്രമാണ് വികസിക്കുന്നതെന്നും ട്രെയിലർ കാണിച്ചു തരുന്നുണ്ട്.
ഒരു കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വളരെ രസകരമായ നിമിഷങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറാൻ പോകുന്നതെന്നും നേരത്തെ വന്ന ടീസറും ഇപ്പോൾ വന്ന ട്രെയിലറും സൂചിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ദീപു പ്രദീപാണ്.
നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, ബൈജു സന്തോഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു, പ്രശസ്ത തമിഴ് ഹാസ്യ താരം യോഗി ബാബു, കുടശ്ശനാട് കനകം എന്നിവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്.
നീരജ് രവി കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺ കുട്ടി, സംഗീതമൊരുക്കിയത് അങ്കിത് മേനോൻ എന്നിവരാണ്. സൂപ്പർ ഹിറ്റ് ചിത്രമായ ജയ ജയ ജയ ജയ ഹേക്കു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ഈ ചിത്രം മെയ് പതിനാറിന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.
Content Summary: Guruvayoorambala Nadayil Trailer Released