in

‘കാലന്റെ തങ്കകുട’വുമായി ഇന്ദ്രജിത്തും സൈജു കുറുപ്പും; മലയാളത്തിൽ വീണ്ടും ഫാന്റസി കോമഡി…

‘കാലന്റെ തങ്കകുട’വുമായി ഇന്ദ്രജിത്തും സൈജു കുറുപ്പും; മലയാളത്തിൽ വീണ്ടും ഫാന്റസി കോമഡി…

ഫാന്റസി കോമഡി ചിത്രങ്ങൾക്ക് എന്നും ഇന്ത്യൻ സിനിമയിൽ വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. ഹിന്ദി, തമിഴ് ഭാഷകളിൽ അത്തരം ചിത്രങ്ങൾ ഒരുപാട് വന്നിട്ടുമുണ്ട്. എന്നാൽ മലയാളത്തിൽ വേണ്ടത്ര രീതിയിൽ ഉപയോഗിക്കപ്പെടാത്ത ഒരു സിനിമാ വിഭാഗമാണ് ഫാന്റസി കോമഡി. പപ്പൻ പ്രീയപ്പെട്ട പപ്പൻ, നാരദൻ കേരളത്തിൽ തുടങ്ങിയ ഫാന്റസി കോമഡി ചിത്രങ്ങൾ മലയാളത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലും പുതുതലമുറയിലെ സിനിമാ പ്രവർത്തകർ അത്തരം ചിത്രങ്ങളിൽ നിന്ന് മാറിനടക്കുന്നതായാണ് കാണപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ മലയാളവും ഒരു ഫാന്റസി കോമഡി ചിത്രത്തിന്റെ സാദ്ധ്യതകൾ പരീക്ഷിക്കാനൊരുങ്ങുകയാണ്. നവാഗതനായ നിതീഷ് കെ ടി ആർ രചിച്ചു സംവിധാനം ചെയ്യുന്ന കാലന്റെ തങ്കക്കുടം എന്ന ചിത്രമാണ് മലയാളത്തിൽ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഫാന്റസി കോമഡി ചിത്രം. ഇന്ദ്രജിത് സുകുമാരൻ, സൈജു കുറുപ്പ് എന്നിവർ യഥാക്രമം കാലനും ചിത്രഗുപ്തനുമായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്.

“തങ്കകുടത്തിന്റെ ഉടമസ്ഥർ വരുന്നു….കുറച്ചു ദൂരമുള്ളതിനാൽ വരാൻ കാലതാമസമുണ്ടാകുമെന്നും, “തങ്കകുടം ” പോലിസ് സ്റ്റേഷനിൽ അല്ല ഏതു പാതാളത്തിൽ ആണെങ്കിലും അവർ വന്ന് എടുക്കുമെന്നുമുള്ള വിവരം ലഭിച്ചതായി, ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയിപ്പ് കിട്ടി..” എന്ന വാക്കുകളോടെയാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്. അജു വർഗീസ്, വിജയ് ബാബു, ജോണി ആന്റണി, ഇന്ദ്രൻസ്, ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി ജോസഫ്, രമേശ് പിഷാരടി, അസീസ് നെടുമങ്ങാട്, ഷാജു ശ്രീധർ, അനീഷ് ഗോപാൽ, വൃന്ദ മേനോൻ, ശ്രുതി സുരേഷ്, സ്വാതി തുടങ്ങി ഒരു വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. സംവിധായകൻ തന്നെ എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സജിത്ത് പുരുഷനും സംഗീതമൊരുക്കുന്നത് രാഹുൽ രാജുമാണ്. സജിൻ സുജാതനാണ് ഈ ചിത്രത്തിന്റെ സഹരചയിതാവ്.

‘വഴക്ക്’ സൗജന്യമായി കാണാം, വിവാദങ്ങൾക്ക് ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ ചിത്രം എത്തിച്ച് സംവിധായകൻ……

‘ടർബോ’ ബജറ്റ് 60 കോടി; ആഗോള ബോക്സ് ഓഫീസ് കീഴടക്കാൻ ചിത്രത്തിന് വമ്പൻ റിലീസ്…