in

‘ടർബോ’ ബജറ്റ് 60 കോടി; ആഗോള ബോക്സ് ഓഫീസ് കീഴടക്കാൻ ചിത്രത്തിന് വമ്പൻ റിലീസ്…

‘ടർബോ’ ബജറ്റ് 60 കോടി; ആഗോള ബോക്സ് ഓഫീസ് കീഴടക്കാൻ ചിത്രത്തിന് വമ്പൻ റിലീസ്…

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ടർബോ ഒരുങ്ങുന്നത് റെക്കോർഡ് റിലീസിന്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ടർബോ ഒരുക്കിയിരിക്കുന്നത് 60 കോടി രൂപ ബഡ്ജറ്റിലാണ് എന്നാണ് റിപ്പോർട്ട്. പ്രൊഡക്ഷൻ ചെലവുകളും പ്രിൻ്റ്, പബ്ലിസിറ്റി ചെലവുകളും ഉൾപ്പെടെയുള്ള കണക്ക് ആണ് ഇതെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. അത്കൊണ്ട് തന്നെ ആഗോള തലത്തിൽ മെഗാ റിലീസാണ് ഈ ചിത്രം ലക്‌ഷ്യം വെക്കുന്നത്. ജർമ്മനിയിൽ മാത്രം 63 ലൊക്കേഷനുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് അവിടെ ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണിത്.

യു കെയിൽ ഇതിനോടകം 140 ലൊക്കേഷനുകളിൽ ചാർട്ട് ചെയ്ത ഈ ചിത്രം ഇരുനൂറോളം ലൊക്കേഷനുകളിൽ റിലീസ് ചെയ്യാനാണ് പ്ലാൻ. അങ്ങനെ സംഭവിച്ചാൽ അവിടെയും മലയാളത്തിലെ റെക്കോർഡ് റിലീസ് എന്ന നേട്ടം ടർബോ സ്വന്തമാക്കും. ഗൾഫിലും ഈ ചിത്രത്തിന് മെഗാ മാസ്സ് റിലീസാണ് ട്രൂത് ഗ്ലോബൽ ഫിലിംസ് പ്ലാൻ ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഓവർസീസ് റിലീസ് നേടുമെന്നുറപ്പായ ടർബോ, കേരളത്തിലും നാനൂറോളം സ്‌ക്രീനുകളിലെത്തുമെന്നാണ് സൂചന.

വൈശാഖിന്റെ സംവിധാനത്തിൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ആണ്. കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി, മലയാള യുവതാരം ശബരീഷ് വർമ്മ, പ്രശസ്ത തെലുങ്ക് നടൻ സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ്, ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് ഫീനിക്സ് പ്രഭു എന്നിവരാണ്.

വിഷ്ണു ശർമയാണ് ടർബോയ്ക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. മെയ് ഇരുപത്തിമൂന്നിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് വരും വീക്കെൻഡിൽ ആരംഭിക്കുമെന്നാണ് സൂചന.

‘കാലന്റെ തങ്കകുട’വുമായി ഇന്ദ്രജിത്തും സൈജു കുറുപ്പും; മലയാളത്തിൽ വീണ്ടും ഫാന്റസി കോമഡി…

‘ഗുരുവായൂരമ്പല നടയിൽ’ വൻ ജന തിരക്ക്; ആദ്യ ദിന കളക്ഷൻ 8 കോടി…