മോഹൻലാൽ-ഭദ്രൻ ചിത്രം അടുത്ത വർഷം: മോഹൻലാൽ എത്തുന്നത് ആന പാപ്പാന്റെ വേഷത്തിൽ
മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ആടുതോമ എന്ന മാസ്സ് കഥാപാത്രത്തെ മലയാളികള്‍ക്ക് സമ്മാനിച്ച ടീം ആണ് മോഹൻലാൽ-ഭദ്രൻ ടീം. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം വരുന്നുണ്ട് എന്ന് കുറച്ചു മാസങ്ങൾക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയ വിവരങ്ങൾ പ്രകാരം മോഹൻലാൽ- ഭദ്രൻ ചിത്രം അടുത്ത വർഷം ആദ്യം ആരംഭിക്കും.

ഒരു ആനപ്പാപ്പാന്റെ വേഷത്തിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. മുൻപ് അടിവേരുകൾ എന്ന ഒരു ചിത്രത്തിൽ മോഹൻലാൽ ആനപാപ്പാൻ ആയി അഭിനയിച്ചിട്ടുണ്ട് എങ്കിലും ഭദ്രൻ ചിത്രത്തിലെ കഥാപാത്രം വളരെ ശക്തമായൊരു കഥാപാത്രം ആണെന്നാണ് സൂചനകൾ പറയുന്നത്.
വെളിപാടിന്റെ പുസ്തകം എന്ന ലാൽ ജോസ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഭദ്രൻ ഈ ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറയുന്നത്. കഥയും കഥാപാത്രവും ഒരുപാട് ഇഷ്ടമായ മോഹൻലാൽ അപ്പോൾ തന്നെ ചിത്രത്തിന് തന്റെ ഡേറ്റ് നൽകുകയും ചെയ്തു. തിരക്കഥ പൂർത്തിയാക്കാൻ ആണ് ഇത്രയും സമയം എടുത്തത്. പൂർണ്ണമായും കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരാടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഈ ചിത്രത്തിനായി നൂറു ദിവസത്തോളമാണ് മോഹൻലാൽ ഡേറ്റ് നൽകിയിരിക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒടിയൻ പൂർത്തിയാക്കിയതിനു ശേഷം ഡിസംബറിൽ അജോയ് വർമ്മ ചിത്രം ചെയ്തതിനു ശേഷം ജനുവരി അവസാനത്തോടെയാവും ഭദ്രൻ ചിത്രം ആരംഭിക്കുക. അതിനു ശേഷം മെയ് മാസത്തോടെ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ലൂസിഫർ ആരംഭിക്കും.
അങ്കിൾ ബൺ, ഒളിമ്പ്യൻ അന്തോണി ആദം, ഉടയോൻ എന്നിവയെല്ലാം മോഹൻലാൽ-ഭദ്രൻ ടീം ഒന്നിച്ച ചിത്രങ്ങൾ. ഇവയില്‍ ആടുതോമയെ മലയാളക്കരക്ക് സമ്മാനിച്ച സ്ഫടികം തന്നെ ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും മികച്ച ചിത്രവും മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ചിത്രവും.


