മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകാൻ “മാമാങ്കം” വരുന്നു!
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം വരികയാണ്. മാമാങ്കം എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രം മമ്മൂട്ടി തന്നെ തന്‍റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഇന്ന് പ്രഖ്യാപിച്ചു. തന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരിക്കും മാമാങ്കം എന്ന് പറഞ്ഞ മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ചില വിവരങ്ങളും പുറത്തു വിട്ടു.
വള്ളുവനാട്ടിലെ ഇതിഹാസമായ ചാവേറുകളെ അടിസ്ഥാനമാക്കിയൊരുക്കുന്ന ഈ ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യാൻ പോകുന്നത് നവാഗതനായ സജീവ് പിള്ളയാണ്. നീണ്ട പന്ത്രണ്ടു വർഷത്തെ റിസേർച്ചിനു ശേഷമാണു സജീവ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ പോകുന്നത് എന്ന് മമ്മൂട്ടി പറഞ്ഞു. മാത്രമല്ല മാമാങ്കം എന്ന ടൈറ്റിൽ ഉപയോഗിക്കാൻ ഉള്ള സമ്മതം തന്നതിന് നവോദയ സ്റുഡിയോയോടുള്ള നന്ദിയും മമ്മൂട്ടി തന്റെ പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി. കാരണം ഈ ടൈറ്റിൽ ഉപയോഗിച്ചുള്ള ഒരു ചിത്രം നവോദയ നിർമ്മിച്ച് ഒരുപാട് വര്‍ഷങ്ങള്ക്കു മുൻപേ പുറത്തു വന്നിട്ടുള്ളതിനാൽ ഈ ടൈറ്റിലിന് മേലുള്ള അവകാശം അവരുടെ കൈയ്യിൽ ആയിരുന്നു.
തനിക്കൊപ്പം ഈ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അണി നിരക്കുമെന്നു പറഞ്ഞ മമ്മൂട്ടി ഈ ചിത്രത്തിൽ വിദേശത്തു നിന്നുള്ള പ്രഗത്ഭരായ ടെക്നിഷ്യന്മാരും ജോലി ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കാവ്യാ ഫിലിമ്സിന്‍റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാം എന്ന് പറഞ്ഞു ആരാധകർക്ക് ദീപാവലി ആശംസകളും നേർന്നു കൊണ്ടാണ് മമ്മൂട്ടി തന്‍റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഷാംദത് ഒരുക്കിയ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. നവംബറിൽ ആണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തുക. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഗിരീഷ് ദാമോദർ ഒരുക്കുന്ന അങ്കിൾ എന്ന ചിത്രത്തിലാണ്. ക്രിസ്മസ് റിലീസ് ആയ മാസ്റ്റർപീസ് എന്ന അജയ് വാസുദേവ് ചിത്രത്തിന്‍റെ ബാക്കി നിൽക്കുന്ന ഷൂട്ടിംഗ് മമ്മൂട്ടി ഈ മാസം തന്നെ പൂർത്തിയാക്കും. ശരത് സന്ദിത്തിന്റെ പരോൾ, റാം ഒരുക്കിയ തമിഴ് ചിത്രം പേരന്പ് എന്നിവയും റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ ആണ്.