പരാജയത്തിലും എതിരാളിയെ വിറപ്പിച്ച സഞ്ജുവിന്‍റെ സെഞ്ചുറി; അവസാന പന്തില്‍ പഞ്ചാബിന് വിജയം…
ഐപിഎൽ നാലാം മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിന് എതിരെ പഞ്ചാബ് കിങ്‌സിന് 4 റണ്‍സ് ജയം. ക്യാപ്റ്റൻ ആയി അരങ്ങേറ്റം കുറിച്ച സഞ്ജുവിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നേറിയ രാജസ്ഥാന്‍ കീഴടങ്ങിയത് അവസാന ബോളില്‍ മാത്രം. ഈ സീസണിലെ ആദ്യ സെഞ്ചുറിയോടെ സഞ്ജു നേടിയത് 63 പന്തിൽ നിന്ന് 119 റൺസ് ആണ്. 12 സിക്സുകളും 7 ഫോറുകളും ആണ് സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 6 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് ആണ് നേടിയത്. ക്യാപ്റ്റൻ കെ എൽ രാഹുൽ, ദീപക് ഹൂഡ, ക്രിസ് ഗെയിൽ എന്നിവരുടെ ബാറ്റിംഗ് മികവിൽ ആണ് പഞ്ചാബിന് ഈ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. 50 ബോളിൽ നിന്ന് 7 ഫോറുകളും 5 സിക്സുകളും ഉൾപ്പെടെ 91 റൺസ് ആണ് രാഹുൽ നേടിയത്. 28 പന്തിൽ നിന്ന് 40 റൺസ് ഗെയിൽ നേടി(നാല് 4s, രണ്ട് 6s). 28 ബോളിൽ നിന്ന് 64 റൺസ് നേടിയ ദീപക് ഹൂഡയുടെ മിന്നും പ്രകടനം പഞ്ചാബിനെ കൂറ്റൻ സ്കോറിലേക്ക് എത്തിക്കുന്നതിൽ നിർണായകം ആയി. 6 സിക്സുകളും 4 ഫോറുകളും അടങ്ങിയത് ആയിരുന്നു ഇന്നിംഗ്സ്.
രാജസ്ഥാൻ ബോളേർസ് എല്ലാം അടി വാങ്ങി കൂട്ടിയപ്പോൾ അരങ്ങേറ്റ മത്സരം കളിച്ച ചേതൻ സക്കറിയ 3 വിക്കറ്റുകൾ നേടി മികവ് കാട്ടി. ക്രിസ് മോറിസ് 2 വിക്കറ്റുകൾ സ്വാന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ബെൻ സ്റ്റോക്സിനെ നഷ്ടമായി. വോഹ്രയുടെ വിക്കറ്റ് കൂടി നഷ്ടമായപ്പോൾ ടീം പ്രതിസന്ധിയിലായി. എന്നാൽ സഞ്ജുവിന്‍റെ ഒറ്റയാൾ പോരാട്ടം അവിടെ നിന്ന് തുടങ്ങി. അക്രമിച്ചു കളിച്ച ജോസ് ബട്ട്ലർ, ശിവം ഡബെ, റിയാൻ പരാഗ് തുടങ്ങിയവരുടെ മികച്ച പിന്തുണ കൂടി സഞ്ജുവിന് ലഭിച്ചപ്പോൾ രാജസ്ഥാൻ മുൻതൂക്കം കാട്ടി.
രാഹുൽ തിവാട്ടിയക്ക് തിളങ്ങാൻ ആയില്ല. 5 റണ്‍സ് വിജയത്തിന് വേണ്ടി വന്ന അവസാന ബോളില്‍ സിക്സ് നേടാന്‍ ഉള്ള ശ്രമത്തില്‍ ബൌണ്ടറിക്ക് അരികില്‍ ക്യാച്ച് നല്‍കി സഞ്ജു പുറത്താകുക ആയിരുന്നു. അർഷ്ദീപ് സിങ് 3 വിക്കെറ്റും മുഹമ്മദ് ഷമി 2 വിക്കറ്റുകളും നേടി.