പൊരുതി തൊറ്റ് കൊൽക്കത്ത; ബാറ്റിങ് വിരുന്നൊരുക്കി റസ്സലും കമ്മിൻസും…

ഐപിഎൽ പതിനഞ്ചാം മത്സരത്തിൽ ചെന്നൈയോട് പൊരുതി തോറ്റ് കൊൽക്കത്ത. മുൻനിര ബാറ്റ്സ്മാന്മാർ എല്ലാം ഒന്നാകെ പരാജയപ്പെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കരുത്തായി റസ്സലും കാർത്തിക്കും കമ്മിൻസും നിറഞ്ഞടിയപ്പോൾ ആരാധകർക്ക് ശരിക്കും ലഭിച്ചത് ബാറ്റിംഗ് വിരുന്ന് ആയിരുന്നു. അവസാനം കൊൽക്കത്ത തോറ്റ് മടങ്ങിയെങ്കിലും അത് തലയുയർത്തി തന്നെ ആയിരുന്നു എന്ന് പറയാം.
ചെന്നൈ കൊൽക്കത്തയ്ക്ക് ഒരുക്കിയ വിജയലക്ഷ്യം 221 എന്ന് പടുകൂറ്റൻ സ്‌കോർ. ഫാഫ് ഡു പ്ലെസിസ് 95 റണ്‍സ്, രുതുരാജ് ഗെയ്‌ക്വാഡ് 64 റൺസ് മോയിൻ അലി 25 റൺസ് എം എസ് ധോണി 17 റൺസ് എന്നിവരുടെ ബാറ്റിംഗ് മികവിൽ ആണ് ഈ സ്കോറിൽ എത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് 31 റൺസ് നേടുന്നതിന് ഇടയിൽ 5 മുൻനിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് ആണ് നഷ്ടമായത്. ദീപക് ചഹർ ആണ് നാല് വിക്കറ്റും വീഴ്ത്തിയത്. ശേഷം എളുപ്പം വിജയം ലക്ഷ്യം വെച്ച ചെന്നൈ ശരിക്കും വിയർത്തു എന്ന് തന്നെ പറയാം.
ബാറ്റിംഗ് തകർച്ചയിലും പ്രതീക്ഷ ഉയർത്തി റസ്സൽ തുടക്കം വെച്ച ബാറ്റിംഗ് വിരുന്ന് ആയിരുന്നു ചെന്നൈയെ കാത്തിരുന്നത്. ഒപ്പം ദിനേശ് കാർത്തിക് കൂടി ചേർന്നു. 6 ഓവറിൽ 31 എന്ന നിലയിൽ നിന്ന് 11 ഓവർ ആയപ്പോൾ 112 എന്ന റൺസിൽ എത്തി കൊൽക്കത്ത. 6 സിക്സ്, 3 ഫോറുകൾ ഉൾപ്പെടെ 22 ബോളിൽ നിന്ന് 54 റൺസ് ആണ് റസ്സൽ അടിച്ചു കൂട്ടിയത്. 12ആം ഓവറിൽ സാം കരൺ റസ്സലിന്റെ വിക്കറ്റ് വീഴ്ത്തിയതിൽ അശ്വസിച്ച ചെന്നൈയെ കാർത്തിക്കും ഒന്ന് വിരട്ടി. 24 ബോളുകൾ നേരിട്ട കാർത്തിക് ആകട്ടെ 2 സിക്സ്, 4 ഫോർസ് ഉൾപ്പെടെ 40 റൺസും നേടി.
കാർത്തികിന്റെ വിക്കറ്റും വീണതിന് ശേഷം അടുത്ത ബാറ്റിംഗ് വെടികെട്ടിന് പാറ്റ് കമ്മിൻസ് തിരി കൊളുത്തി. റസലിന്റെ വിക്കറ്റ് എടുത്ത അതേ സാം കാരണിനെ തലങ്ങും വിലങ്ങും തല്ലി ഒരു ഓവറിൽ കമ്മിൻസ് അടിച്ചു കൂട്ടിയത് 4 സിക്സ് ഉൾപ്പെടെ 30 റൺസ്.
മറുവശത്ത് വലിയ ഷോട്ടുകൾ കളിക്കാൻ ആളില്ലാത്തതിനാൽ സ്‌ട്രൈക്ക് കൈമാറാതെ കമ്മിൻസും ബാറ്റിങ് തുടർന്നു. ഇങ്ങനെ ഡബിൾ നേടി സ്‌ട്രൈക്കിൽ തുടരാനുള്ള ശ്രമത്തിൽ അവസാന രണ്ട് വിക്കറ്റുകൾ റൺ ഔട്ടിലൂടെ നഷ്ടമായി കൊൽക്കത്ത പരാജയപ്പെട്ടു. അങ്ങനെ സമ്പൂർണ തോൽവിയിൽ നിന്ന് പൊരുതി കയറി എതിരാളിയെ വിറപ്പിച്ചതിന് ശേഷം മാത്രം ആയിരുന്നു കൊൽക്കത്തയുടെ കീഴടങ്ങൽ.

