സിനിമ കണ്ടു തുടങ്ങിയ കാലം മുതലേ മോഹൻലാൽ ആരാധകൻ; ലാലേട്ടൻ തനിക്കൊരു ലഹരി ആണെന്ന് ബിജു മേനോൻ

0

സിനിമ കണ്ടു തുടങ്ങിയ കാലം മുതലേ മോഹൻലാൽ ആരാധകൻ; ലാലേട്ടൻ തനിക്കൊരു ലഹരി ആണെന്ന് ബിജു മേനോൻ

മലയാള സിനിമയിലെ ഏറ്റവും വലിയ താരമായ മോഹൻലാൽ ആരാധക ബാഹുല്യത്തിൽ മോളിവുഡിലെ മറ്റു താരങ്ങളേക്കാൾ ഒരുപാട് മുൻപിൽ ആണെന്ന് നിസംശയം പറയാം. അതോടൊപ്പം തന്നെ സെലിബ്രിറ്റി ഫാൻസും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ള നടനും ഒരുപക്ഷെ മോഹൻലാൽ ആയിരിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യൻ സിനിമയിലെ ഏതു ഫിലിം ഇൻഡസ്ട്രി എടുത്തു നോക്കിയാലും അവിടെയുള്ള ഭൂരിഭാഗം നടീനടന്മാരും സാങ്കേതിക പ്രവർത്തകരും സംവിധായകരും എഴുത്തുകാരുമൊക്കെ കടുത്ത മോഹൻലാൽ ആരാധകർ ആയിരിക്കും. ഇത് അവർ തന്നെ മാധ്യമങ്ങളിലൂടെ തുറന്നു പറയുന്ന ഒരുപാട് വീഡിയോകൾ, അഭിമുഖങ്ങൾ എന്നിവ ലഭ്യവുമാണ്. ആ ലിസ്റ്റിലേക്ക് ജനപ്രിയ നടൻ ബിജു മേനോനും എത്തിച്ചേർന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിൽ വെച്ച് നടന്ന ആനന്ദ് ടി വി അവാർഡ്‌സ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തത്. ജൂൺ പതിനാറിന് ആയിരിന്നു മൂന്നാമത്തെ ആനന്ദ് ടി വി അവാർഡ് ദാന ചടങ്ങു അരങ്ങേറിയത്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു ഈ ചടങ്ങിലെ മുഖ്യാതിഥി. ജനപ്രിയ നടൻ ബിജു മേനോൻ, ഭാര്യ സംയുക്ത വർമ്മ, പാർവതി, രഞ്ജിത്ത് തുടങ്ങി ഒരു വലയ താര നിര തന്നെ അണിനിരന്ന ഈ അവാർഡ് ദാന ചടങ്ങിൽ ബിജു മേനോൻ മോഹൻലാലിനെ കുറിച്ച് നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ലാലേട്ടനെ കുറിച്ച് പറയുമ്പോൾ താൻ ഇമോഷണൽ ആവുമെന്നും കാരണം സിനിമ കണ്ടു തുടങ്ങിയ കാലം തൊട്ടേ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകൻ ആണ് താനെന്നും ബിജു മേനോൻ പറയുന്നു. ലാലേട്ടൻ തനിക്കൊരു ലഹരി ആണെന്നാണ് ബിജു മേനോൻ പറയുന്നത്. മുന്‍പൊരിക്കൽ മഴവിൽ മനോരമ ചാനലിൽ നടന്ന ഒരു ഇന്റർവ്യൂവിൽ നടി പൂർണ്ണിമ ഇന്ദ്രജിത് ബിജു മേനോനോട് ചോദിച്ച ഒരു ചോദ്യവും ബിജു അതിനു നൽകിയ ഉത്തരവും ഇതിനോട് ഒപ്പം ചേർത്ത് വായിക്കാം.

ഒരു തിയേറ്റർ ഉടമ ആയിരുന്നെങ്കിൽ ആരുടെ സിനിമ ആയിരിക്കും അവിടെ ആദ്യം കളിപ്പിക്കാൻ ശ്രമിക്കുക എന്നതായിരുന്നു ചോദ്യം. മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ ആയിരുന്നു ഓപ്ഷൻസ്. ബിജു മേനോന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ കുഞ്ചാക്കോ ബോബനെ അടുത്തിരുത്തി കൊണ്ടാണ് പൂർണ്ണിമ ആ ചോദ്യം ചോദിച്ചത്. എന്നാൽ ആ ചോദ്യത്തിന് സംശയമൊന്നുമില്ലാതെ തൊട്ടടുത്ത നിമിഷം തന്നെ മോഹൻലാൽ എന്ന് മറുപടി പറഞ്ഞു ബിജു മേനോൻ. മോഹൻലാലിനൊപ്പം നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടിട്ടുള്ള ബിജു മേനോന്‍റെ അദ്ദേഹവുമായുള്ള ഓൺസ്‌ക്രീൻ കെമിസ്ട്രി ഗംഭീരമാണ്.