in

പോലീസ് വേഷത്തിൽ ചാക്കോച്ചൻ, നായികയായി പ്രിയാമണി; ഒരുങ്ങുന്നത് വമ്പൻ ത്രില്ലർ…

പോലീസ് വേഷത്തിൽ ചാക്കോച്ചൻ, നായികയായി പ്രിയാമണി; ഒരുങ്ങുന്നത് വമ്പൻ ത്രില്ലർ…

പ്രശസ്ത മലയാള താരം കുഞ്ചാക്കോ ബോബൻ വീണ്ടും പോലീസ് വേഷത്തിലെത്തുന്നു. നവാഗതനായ ജിത്തു അഷറഫ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ക്രൈം ത്രില്ലർ ചിത്രത്തിലെ നായികയായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരമായ പ്രിയാമണിയാണ്. നായാട്ട്, ഇരട്ട എന്നീ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനേതാവായി തിളങ്ങിയ പ്രതിഭ കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ജിത്തു അഷറഫ്.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ രചന നിർവഹിച്ചിരിക്കുന്ന ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിമ്സിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് നായർ, സി ബി ചവറ എന്നിവർ ചേർന്നാണ്. കണ്ണൂർ സ്‌ക്വാഡ് എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്ത റോബി വർഗീസ് രാജ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ചമൻ ചാക്കോ ആണ് ഈ ക്രൈം ത്രില്ലറിന്റെ എഡിറ്റർ.

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കൂടാതെ, ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയാ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാര്യർ, അനുനാഥ്, ലയ മാമൻ, ഐശ്വര്യ, അമിത് ഈപ്പൻ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഹരിശങ്കർ എന്ന് പേരുള്ള ഒരു പോലീസ് കഥാപാത്രത്തിനാണ് താൻ ഈ ചിത്രത്തിൽ ജീവൻ പകരുന്നതെന്നും, ഒരു ത്രില്ലർ എന്നതിലുപരി ഈ കഥാപാത്രത്തിന്റെ വൈകാരികമായ ഒരു യാത്ര കൂടിയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നും കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതിനൊപ്പം, പ്രതിഭാധനരായ ഒരു കൂട്ടം കലാകാരന്മാരുടെ കൂടെ ജോലി ചെയ്യുന്നതിന്റെ ആവേശവും കുഞ്ചാക്കോ ബോബൻ പങ്കു വെച്ചു.

Content Summary: Kunchacko Boban as Cop in his next, a thriller movie, also has Priyamani in the cast

ഈ ‘ആവേശം’ അടങ്ങുകയില്ല, കണ്ടവർ വീണ്ടും കാണുന്നു; കേരള ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയും മറികടന്നു!

കോമഡി ആണെന്ന് വിചാരിച്ചോ, ഞെട്ടിച്ച് ‘മലയാളി ഫ്രം ഇന്ത്യ’ ടീസർ…