ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് മോഹൻലാൽ; അരുൺ ഗോപി ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് നടന്നു
സൂപ്പര്‍സ്റ്റാര്‍ മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന രണ്ടാത്തെ ചിത്രത്തിന്‍റെ പൂജയും ടൈറ്റിൽ ലോഞ്ചും ഇന്ന് എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമിക്കുന്നത് പുലിമുരുകനും രാമലീലയും പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ടോമിച്ചൻ മുളകുപാടം ആണ്. ആരാധകരെയും സിനിമാ പ്രേമികളെയും ആവേശം കൊള്ളിക്കുന്ന ടൈറ്റിൽ ആണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ.
മോഹൻലാലിന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഇരുപതാം നൂറ്റാണ്ടിന്‍റെ ഓർമ്മകൾ ഉണർത്തുന്ന ഈ ടൈറ്റിൽ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സാഗർ ഏലിയാസ് ജാക്കി എന്ന അധോലോക നായകന്റെ കഥയാണ് ഇരുപതാം നൂറ്റാണ്ട് പറഞ്ഞത് എങ്കിൽ, ഈ പ്രണവ് ചിത്രത്തിന്‍റെ ടാഗ് ലൈൻ തന്നെ പറയുന്നത് ഇതൊരു ഡോൺ സ്റ്റോറി അല്ല എന്നാണ്.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതൊരു അഡ്വെഞ്ചർ ആക്ഷൻ ത്രില്ലർ ആണെന്നാണ്. തന്റെ ആദ്യ ചിത്രമായ ആദിയിൽ പാർക്കർ കാണിച്ചു പ്രേക്ഷകരെ ഞെട്ടിച്ച പ്രണവ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പുതിയ ചില കാര്യങ്ങളുമായാണ് എത്തുന്നത് എന്നാണ് വിവരം.
ചിത്രത്തിന്‍റെ പൂജ വേളയിൽ മോഹൻലാൽ, ആസിഫ് അലി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, ടോമിച്ചൻ മുളകുപാടം, ഇരുപതാം നൂറ്റാണ്ട് വർഷങ്ങൾക്കു മുൻപ് സംവിധാനം ചെയ്ത കെ മധു എന്നിവരും സന്നിഹിതരായിരുന്നു. അരുൺ ഗോപി തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് പീറ്റർ ഹെയ്‌ൻ ആണ്. അഭിനന്ദം രാമാനുജൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് വിവേക് ഹർഷനുമാണ്. അധികം വൈകാതെ തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം ആരംഭിക്കും. ഈ വർഷം ക്രിസ്മസ് റിലീസ് ആയാണ് ഈ പ്രണവ് മോഹൻലാൽ- അരുൺ ഗോപി ചിത്രം എത്തുക എന്നാണ് സൂചന.