ഐ വി ശശിയുടെ മകന്‍റെ ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും?
നായകനായുള്ള തന്‍റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്വന്തമായൊരു ഇടം സ്വന്തമാക്കിയ നടൻ ആണ് മോഹൻലാലിന്‍റെ മകന്‍ പ്രണവ് മോഹൻലാൽ. പ്രണവിന്‍റെ ആദ്യ ചിത്രമായ ആദി ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ആദി അമ്പത് കോടിയോളം രൂപയുടെ ടോട്ടൽ ബിസിനസ്സും നേടി. ഇപ്പോൾ തന്‍റെ രണ്ടാമത്തെ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് പ്രണവ്. അരുൺ ഗോപി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ടോമിച്ചൻ മുളകുപാടം ആണ് നിർമ്മിക്കുക.
എന്നാൽ ഇപ്പോൾ ഇൻഡസ്ട്രിയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു പ്രണവിന്‍റെ മൂന്നാമത്തെ ചിത്രവും ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇതിഹാസ സംവിധായകൻ ഐ വി ശശിയുടെ മകൻ അനി ഐ വി ശശി ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന മലയാള ചിത്രത്തിൽ പ്രണവ് ആയിരിക്കും നായകൻ എന്നാണ് സൂചനകൾ വരുന്നത്.
ഈ ചിത്രത്തില്‍ പ്രണവിന്‍റെ നായിക ആയി എത്തുന്നത് പ്രിയദർശന്‍റെ മകൾ കല്യാണി പ്രിയദർശൻ ആയിരിക്കുമെന്നും സ്ഥിതീകരിക്കാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദർശൻ നടി എന്ന നിലയിൽ അരങ്ങേറ്റം കുറിച്ചത്.
ആ ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയർ അവാർഡും നേടിയ കല്യാണി ഇപ്പോൾ തന്‍റെ രണ്ടാമത്തെ തെലുങ്കു ചിത്രം ചെയ്യുകയാണ്. മാതൃഭാഷയായ മലയാളത്തിലുള്ള തന്‍റെ അരങ്ങേറ്റം അധികം വൈകാതെ ഉണ്ടാകുമെന്നാണ് കല്യാണി ഈ അടുത്തിടെ മാധ്യമങ്ങളോട് സൂചിപ്പിച്ചത്. അനി ഐ വി ശശി വർഷങ്ങളായി പ്രിയദർശന്‍റെ കീഴിൽ സംവിധാന സഹായി ആയി ജോലി ചെയ്യുകയാണ്. വരാൻ പോകുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രമായ മരക്കാർ:അറബിക്കടലിന്‍റെ സിംഹത്തിൽ പ്രിയദർശനൊപ്പം സഹരചയിതാവായും അനി ഐ വി ശശി ജോലി ചെയ്യുന്നുണ്ട്.