പ്രണവ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാൻ പ്രിയദർശനും?
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മിക്ക ചിത്രങ്ങളും മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങൾ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ‘ഒപ്പം’ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. വമ്പൻ വിജയമായാ ഒപ്പത്തിന് ശേഷം വീണ്ടും ഒരു മോഹൻലാൽ ചിത്രം പ്രിയദർശൻ ഒരുക്കുന്നുണ്ട്. സന്തോഷ് ടി കുരുവിള ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിപ്പിക്കുന്ന മറ്റൊരു വാർത്തയും ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ പ്രിയദർശൻ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ വർഷം ആദ്യം ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ പ്രണവ് നായകനായി അരങ്ങേറ്റം നടത്തിയിരുന്നു. ഈ ചിത്രത്തിലെ പ്രണവിന്‍റെ പ്രകടനം തന്നെ വിസ്മയിപ്പിച്ചു എന്ന് പ്രിയദർശൻ പറയുന്നു.
ഡേറ്റിന്‍റെ കാര്യം സംസാരിക്കാൻ പ്രിയദർശൻ എത്തുമ്പോഴേക്കും പ്രണവിന്‍റെ രണ്ടാം ചിത്രം കരാറായി കഴിഞ്ഞിരുന്നു. രാമലീല സംവിധായകൻ അരുൺ ഗോപി ഒരുക്കുന്ന ചിത്രം ആണ് പ്രണവിന്‍റെ അടുത്ത ചിത്രം. ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ സിനിമകൾ ആഘോഷമാക്കിയ പ്രേക്ഷകർ കാത്തിരിക്കുക ആണ് പ്രണവ് – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരു ചിത്രം. അത് പ്രണവിന്റെ മൂന്നാം ചിത്രമായി സംഭവിക്കും എന്ന് തന്നെ ഉള്ള പ്രതീക്ഷ ആണ് ആരാധകർക്ക് ഇപ്പോൾ ഉള്ളത്.