മോഹൻലാൽ ചിത്രമൊരുക്കാൻ വിഷ്ണു മോഹൻ; നിർമ്മാണം ശ്രീ ഗോകുലം മൂവീസ്

മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‍കാരം സ്വന്തമാക്കിയ വിഷ്ണു മോഹൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നു എന്ന് റിപ്പോർട്ടുകൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന ചിത്രം 2026 ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കും എന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസിനൊപ്പം മറ്റൊരു കമ്പനി കൂടി ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളി ആവുമെന്ന് വാർത്തകൾ വരുന്നുണ്ട്.
2022 ലെ റഷ്യ- ഉക്രൈൻ യുദ്ധ സമയത്ത്, ഉക്രൈനിലും ഉക്രൈന് അടുത്തുള്ള രാജ്യങ്ങളിലും കുടുങ്ങി പോയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് നടത്തിയ ഓപ്പറേഷൻ ഗംഗ എന്ന മിഷൻ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന് കാമറ ചലിപ്പിക്കുക എന്നും വാർത്തകളുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര സാങ്കേതിക പ്രവർത്തകർ അണിനിരക്കും.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. ഇപ്പോൾ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന “തുടക്കം” എന്ന ചിത്രത്തിലെ അതിഥി വേഷം ചെയ്യുന്ന മോഹൻലാൽ, ഉടൻ ‘കത്തനാർ’ എന്ന ചിത്രത്തിലെ തന്റെ അതിഥി വേഷവും പൂർത്തിയാക്കും. ജനുവരി അവസാന വാരം മുതൽ തരുൺ മൂർത്തി ഒരുക്കുന്ന L365 ലാണ് മോഹൻലാൽ അഭിനയിക്കുക. ഇതിനു ശേഷം ദിലീഷ് പോത്തൻ – മോഹൻലാൽ ടീം ഒന്നിക്കുന്ന ചിത്രമായിരിക്കും ആരംഭിക്കുക എന്നാണ് സൂചന.
അതിന് ശേഷമായിരിക്കും വിഷ്ണു മോഹൻ ചിത്രം ആരംഭിക്കുക. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 3 , മഹേഷ് നാരായണൻ ഒരുക്കിയ പാട്രിയറ്റ് എന്നിവയാണ് ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന ആദ്യ രണ്ടു മോഹൻലാൽ ചിത്രങ്ങൾ. ഈ വർഷം പൃഥ്വിരാജ്- വൈശാഖ് ചിത്രം ഖലീഫയിൽ അതിഥി വേഷം ചെയ്യുന്ന മോഹൻലാൽ, രജനികാന്ത് നായകനായ ജയിലർ രണ്ടാം ഭാഗത്തിലും അതിഥി താരമായി എത്തും.


