ജോൺ പോൾ ജോർജ് ചിത്രം ആശാന്റെ വിതരണം ഏറ്റെടുത്ത് ദുൽഖർ സൽമാൻ

മലയാള സിനിമയിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ ജോൺ പോൾ ജോർജ് നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുന്നു. ‘ഗപ്പി’, ‘അമ്പിളി’ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ‘ആശാൻ’ എന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് സ്വന്തമാക്കി. ഗപ്പി സിനിമാസും വേഫെറർ ഫിലിംസും സംയുക്തമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
നടൻ ഇന്ദ്രൻസും ‘രോമാഞ്ചം’ ഫെയിം ജോമോൻ ജ്യോതിറും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് ഡ്രാമഡി (Dramady) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ നർമ്മത്തിൽ ചാലിച്ചാണ് ജോൺ പോൾ ജോർജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ‘ഗപ്പി’, ‘രോമാഞ്ചം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മാണ പങ്കാളികളാകുന്ന ചിത്രം കൂടിയാണിത്.
നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നത് ‘ആശാന്റെ’ പ്രധാന സവിശേഷതയാണ്. കൂടാതെ, ശ്രദ്ധേയരായ താരങ്ങളായ ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
സാങ്കേതിക രംഗത്തും പ്രമുഖരുടെ നിരയാണ് ചിത്രത്തിന് പിന്നിലുള്ളത്. വിമൽ ജോസ് തച്ചിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെയാണ് ചിത്രത്തിന് സംഗീതം പകരുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. എം.ആർ രാജശേഖരൻ സൗണ്ട് ഡിസൈനും അജീഷ് ആന്റോ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. ചിത്രം വൈകാതെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


