in ,

മാസ്സ് ലുക്കിൽ മമ്മൂട്ടിയുടെ ‘കാർത്തികേയ’; ‘ഓം’ ടീസറിൽ മെഗാസ്റ്റാർ, ധനുഷ് ചിത്രം ഒക്ടോബർ 16ന്

മാസ്സ് ലുക്കിൽ മമ്മൂട്ടിയുടെ ‘കാർത്തികേയ’; ‘ഓം’ ടീസറിൽ മെഗാസ്റ്റാർ, ധനുഷ് ചിത്രം ഒക്ടോബർ 16ന്

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വമ്പൻ സർപ്രൈസുമായി ധനുഷ്-രാജ്‌കുമാർ പെരിയസാമി ചിത്രം ‘ഓം’. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന സ്പെഷ്യൽ ടീസർ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ‘സിയ എൻട്രി’ എന്ന പേരിൽ എത്തിയ ടീസറിൽ തികച്ചും മാസ്സ് ഗെറ്റപ്പിലാണ് മെഗാസ്റ്റാറിന്റെ വരവ്. കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതിനൊപ്പം മമ്മൂട്ടിയുടെ സാന്നിധ്യം ചിത്രത്തിൽ എത്രത്തോളം നിർണായകമാണെന്നും വീഡിയോ വ്യക്തമാക്കുന്നുണ്ട്.

‘ഓം ചാപ്റ്റർ വൺ’ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘ഉധിരം: ദ ബ്ലഡ് വുഡ്’ എന്നാണ് ടാഗ്‌ലൈൻ നൽകിയിരിക്കുന്നത്. പക്കാ മാസ്സ് ആക്ഷൻ ഡ്രാമയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഇതുവരെ പുറത്തുവന്ന ടീസറും മറ്റ് അപ്‌ഡേറ്റുകളും നൽകുന്ന സൂചന. ശക്തമായ മാസ്സ് രംഗങ്ങൾക്കൊപ്പം കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന കഥാപശ്ചാത്തരമായിരിക്കും ചിത്രത്തിന്റേതെന്നാണ് പ്രതീക്ഷ. 2026 ഒക്ടോബർ 16ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴ് സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഓമി’നുണ്ട്. ധനുഷാണ് ചിത്രത്തിലെ നായകൻ. ‘മാരി 2’ന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒരുമിക്കുന്ന സിനിമ കൂടിയാണിത്. സായ് പല്ലവി നായികയാകുമ്പോൾ ശ്രീലീലയും ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളി താരം ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മെഗാ ബ്ലോക്ക്ബസ്റ്റർ ‘അമരൻ’ന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ‘ഓം’ ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തിലെ ‘അലാക്ക ലോവ’ എന്ന ഗാനം നേരത്തെ തന്നെ സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. സായ് അഭയങ്കർ സംഗീതം നൽകിയ ഗാനം ആലപിച്ചതും അദ്ദേഹമാണ്. സായ് അഭയങ്കർ ആദ്യമായി ധനുഷിനായി സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഓമി’നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ് എന്നിവർ നിർമ്മാതാക്കളാണ്. വിഷു രാമസാമിയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്. എഴിൽ അരസൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സായ് അഭയങ്കറാണ് സംഗീതം ഒരുക്കുന്നത്. ആർ. കലൈവാണൻ എഡിറ്റിംഗും യാനിക് ബെൻ ആക്ഷൻ കൊറിയോഗ്രഫിയും നിർവഹിക്കുന്നു. രാജീവനാണ് പ്രൊഡക്ഷൻ ഡിസൈനർ.

‘ധുരന്തറി’ന്റെ സംഗീതവും ആക്ഷനും അർജുൻ റാംപാലും ഇനി മോഹൻലാലിനൊപ്പം; ‘ഓപ്പറേഷൻ ഗംഗ’ പ്രഖ്യാപിച്ചു