‘ജയിലർ 2’ ട്രെയിലർ എത്തി; മുത്തുവേൽ പാണ്ഡ്യന്റെ രണ്ടാം വരവിന് വൻ ഹൈപ്പ്, ഒപ്പം മാത്യു ആയി മോഹൻലാലും

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ‘ജയിലർ 2’ന്റെ ട്രെയിലർ പുറത്തിറങ്ങി. ഒക്ടോബർ 15ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രണ്ടാം ഭാഗത്തിനുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
ആക്ഷനും മാസ് മുഹൂർത്തങ്ങൾക്കും ഒപ്പം നെൽസൺ ദിലീപ്കുമാറിന്റെ പതിവ് ബ്ലാക്ക് ഹ്യൂമറിനും പ്രാധാന്യം നൽകുന്നതാണ് ട്രെയിലർ നൽകുന്ന സൂചന. ആദ്യ ഭാഗത്തേക്കാൾ വലിയ സ്കെയിലിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളും രജനികാന്തിന്റെ മാസ് പ്രകടനവും ട്രെയിലറിന്റെ പ്രധാന ആകർഷണങ്ങളാണ്. കഥയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താതെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിന് പ്രധാന കാരണം മോഹൻലാലിന്റെ സാന്നിധ്യം കൂടിയാണ്. ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ട്രെയിലറിൽ മോഹൻലാലിന്റെ മാസ് സാന്നിധ്യവും ശ്രദ്ധ നേടുന്നു. കന്നഡ സൂപ്പർതാരം ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിൽ തിരിച്ചെത്തുന്നുണ്ട്. ഇവർക്കൊപ്പം പുതിയ താരങ്ങളുടെയും ശ്രദ്ധേയമായ അതിഥി വേഷങ്ങളുടെയും സാന്നിധ്യം ചിത്രത്തെ കൂടുതൽ ആവേശകരമാക്കുന്നു.
എസ് ജെ സൂര്യ, വിദ്യ ബാലൻ, സുരാജ് വെഞ്ഞാറമൂട്, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ആദ്യ ഭാഗത്തിലെ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്കൊപ്പം പുതിയ കഥാപാത്രങ്ങളെയും കൂട്ടിയിണക്കിയാണ് രണ്ടാം ഭാഗത്തിന്റെ കഥ മുന്നോട്ടുപോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
അനിരുദ്ധ് രവിചന്ദറാണ് ‘ജയിലർ 2’ന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ട്രെയിലറിൽ അനിരുദ്ധിന്റെ ബി.ജി.എം. പ്രധാന ഹൈലൈറ്റായി മാറുന്നുണ്ട്. ചിത്രത്തിലെ ‘അല്ല ബോലലോ’ ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
കേരളത്തിലും കർണാടകത്തിലും ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. റെക്കോർഡ് തുകയ്ക്കാണ് വിതരണാവകാശം സ്വന്തമാക്കിയതെന്നും അതിന്റെ ഭാഗമായി കേരളത്തിൽ വമ്പൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആർ. നിർമ്മൽ.

