മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ‘എയ്‌സ്’ റിലീസ് മെയ് 23 ന്

മക്കൾ സെൽവൻ വിജയ് സേതുപതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘എയ്‌സ്’ ഈ വർഷം മെയ് 23 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ആകർഷകമായ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അറുമുഗകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
‘ബോൾഡ് കണ്ണൻ’ എന്ന ശക്തമായ നായക കഥാപാത്രത്തെ ആണ് ‘എയ്‌സി’ൽ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. രുക്മിണി വസന്ത് ആണ് നായിക. യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 7സിഎസ് എന്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിക്കുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്.
മലേഷ്യയുടെ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ‘ഏയ്‌സി’ലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ടീസർ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനോടകം പുറത്തിറങ്ങിയ ടീസറും ഒരു ഗാനവും സിനിമയുടെ ഹൈപ്പിന് കൂടുതൽ ഉണർവ് നൽകി. ‘എയ്‌സ്’ ഒരു സമ്പൂർണ്ണ മാസ്സ് കൊമേഴ്സ്യൽ എന്റർടെയ്നറായി പ്രേക്ഷകർക്ക് മുന്നിലെത്തും. ആക്ഷനും ആകർഷകമായ കഥപറച്ചിലിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ ചിത്രം വിജയ് സേതുപതിയുടെ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.
ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, പശ്‌ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.