ഈസ്റ്റർ ദിനത്തിൽ ‘വലതുവശത്തെ കള്ളൻ’ പ്രഖ്യാപിച്ച് ജീത്തു ജോസഫ്; പ്രധാന വേഷങ്ങളിൽ പ്രിയ താരങ്ങൾ…

മലയാള സിനിമയുടെ ഹിറ്റ് മേക്കർ ജീത്തു ജോസഫ് ഈസ്റ്റർ ദിനത്തിൽ തൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു – ‘വലതുവശത്തെ കള്ളൻ’.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നു. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് എന്നിങ്ങനെ ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജീത്തു ജോസഫിൻ്റെ ഈ പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധ നേടുകയാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. പോസ്റ്റർ നൽകുന്ന സൂചന അനുസരിച്ച്, ചിത്രം ഏറെ ദുരൂഹമായ ഒരു കഥാപശ്ചാത്തലത്തിലൂടെയാകും സഞ്ചരിക്കുക.
‘മുറിവേറ്റൊരു ആത്മാവിൻ്റെ കുമ്പസാരം’ എന്ന ടാഗ്ലൈനോടുകൂടിയ ടൈറ്റിൽ പോസ്റ്റർ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പലവിധത്തിലുള്ള സൂചനകളും നൽകുന്നുണ്ട്. യേശുക്രിസ്തുവിനെ കുരിശിൽ തറച്ചപ്പോൾ വലതുവശത്തുണ്ടായിരുന്ന കള്ളൻ നല്ലവനായിരുന്നെന്നും, അവസാന നിമിഷം പശ്ചാത്തപിച്ച് സ്വർഗ്ഗം നേടിയെന്നും ബൈബിളിൽ പറയുന്നുണ്ട്. ഈ കഥയുമായി സിനിമക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന ആകാംക്ഷ പ്രേക്ഷകരിൽ ഉയർത്താൻ ടൈറ്റിലിന് സാധിച്ചിട്ടുണ്ട്. ബിജു മേനോനും ജോജു ജോർജും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പോസ്റ്ററിൽ കാണുന്ന ഒരു മേശയും അതിന്മേൽ ഇരിക്കുന്ന പോലീസ് കേസ് ഫയൽ, കമ്പ്യൂട്ടർ, വയർലെസ്, താക്കോൽക്കൂട്ടം, കണ്ണട എന്നിവ ഒരു കുറ്റാന്വേഷണ സിനിമയുടെ സൂചന നൽകുന്നു. മേശയുടെ ഇരുവശങ്ങളിലായി രണ്ടുപേർ ഇരിക്കുന്നതിൻ്റെ നേരിയ രൂപരേഖയും പോസ്റ്ററിലുണ്ട്. ചിത്രത്തിലെ അഭിനേതാക്കൾ ആരൊക്കെയാണെന്നുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും. ജീത്തു ജോസഫിൻ്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ബേസിൽ ജോസഫ് നായകനായ ‘നുണക്കുഴിയാണ്’.