“ഈ പൃഥ്വിരാജിനെ കാണാൻ ആണ് വ്യക്തിപരമായി ഇഷ്ടപ്പെടുന്നത്”; ‘കടുവ’യ്ക്ക് മല്ലു സിംഗിന്റെ പ്രശംസ…
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ മാസ് ചിത്രം ‘കടുവ’ ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. മലയാളത്തിന് അഭാവമായിരുന്നു ഒരു നല്ല മാസ് സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുക ആണ് ചിത്രം. അതിന്റെ ആവേശം തിയേറ്ററുകളിൽ ഉടനീളം കാണാൻ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തി. ഷാജി കൈലാസ് എന്ന സംവിധായന്റെ തിരിച്ചു വരവ് ആണ് അദ്ദേഹത്തിന്റെ സിനിമകൾ ആസ്വദിച്ച ആരാധകരുടെ മറ്റൊരു സന്തോഷം. പൃഥ്വിരാജിനെ ഒരിക്കൽ കൂടി മാസ് ഹീറോ പരിവേഷത്തിൽ സ്ക്രീനിൽ കാണാൻ കഴിഞ്ഞതും ആരാധകർക്ക് ആവേശമായി. ചിത്രം കണ്ട് കടുവയെയും നായകനെയും സംവിധായകനെയും പുകഴ്ത്തുകയാണ് നടൻ ഉണ്ണിമുകുന്ദനും.
വായിക്കാം: “ആവശ്യം ഒരു പോരാട്ടം, അവൻ ഒരു യുദ്ധം തന്നെ നൽകി”; ‘കടുവ’ റിവ്യൂ…
കടുവ കണ്ട് ഇഷ്ടമായെന്നും താൻ സ്ക്രീനിൽ കാണാൻ ഇഷ്ടപ്പെടുന്ന പൃഥ്വിരാജിനെ ആണ് ചിത്രത്തിൽ ഉള്ളത് എന്നും ഉണ്ണി പറയുന്നു. ഷാജി കൈലാസ് എന്ന പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ രോമാഞ്ചം ആയിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആണ് ചിത്രം കണ്ടതിന് ശേഷം ഉണ്ണിമുകുന്ദന്റെ പ്രതികരണം. ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ മലയാള പരിഭാഷ:
“കടുവ കണ്ടു, ഇഷ്ടപ്പെട്ടു! കാലങ്ങളായി ഒരു യഥാർത്ഥ വിനോദ സിനിമ മലയാളത്തിൽ വന്നിട്ട്. മാസ് ആരാധകർക്ക്! ഞാൻ വ്യക്തിപരമായി സ്‌ക്രീനിൽ കാണാൻ ഇഷ്ട്ടപ്പെടുന്ന പൃഥ്വിയാണിത്. ഊർജവും ഉജ്ജ്വലതയും അദ്ദേഹത്തിന്റെ നിറഞ്ഞിരിക്കുന്നു. വളരെ കുറച്ച് അഭിനേതാക്കൾക്ക് മാത്രമേ അനായാസമായി അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂ, ഈ ഫോർമാറ്റിൽ ഒരു പ്രോ തന്നെ ആണ് അദ്ദേഹം. ഷാജിയേട്ടന്റെ പേര് വീണ്ടും സ്ക്രീനിൽ കണ്ട നിമിഷം രോമാഞ്ചം ആയിരുന്നു, അദ്ദേഹവും തകർത്തു.എന്റെ പ്രിയ സുഹൃത്ത് രാഹുലും ഈ ആഘോഷത്തിൽ ഗംഭീരമായി സ്കോർ ചെയ്തിട്ടുണ്ട്! ഗംഭീര പ്രമോഷനുകളും! കടുവ ടീമിന് വലിയ അഭിനന്ദനങ്ങൾ! ഒരിക്കൽ കൂടി പൃഥ്വിരാജിന് നന്ദി!”
അതേസമയം, ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയാണ് ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വിവേക് ഒബ്‌റോയ്, അലൻസിയർ, ബൈജു, ഷാജോൺ, സംയുക്ത മേനോൻ, അർജ്ജുൻ അശോകൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.