in ,

“ആവശ്യം ഒരു പോരാട്ടം, അവൻ ഒരു യുദ്ധം തന്നെ നൽകി”; ‘കടുവ’ റിവ്യൂ…

“ആവശ്യം ഒരു പോരാട്ടം, അവൻ ഒരു യുദ്ധം തന്നെ നൽകി”; ‘കടുവ’ റിവ്യൂ…

മാസ് സിനിമാ ആരാധകരെ ലക്ഷ്യം വെച്ചുള്ള ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രം ‘കടുവ’ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് സ്ക്രീനിൽ എത്തി. മാസ് സിനിമകളുടെ അഭാവം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വളരെ ചർച്ചയാവുമ്പോൾ ആണ് കടുവയുടെ വരവ്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ ചിത്രത്തിൽ പ്രേക്ഷകർക്ക് ഉണ്ടായിട്ടുണ്ട്. മാസ് സിനിമകൾ എടുത്ത് പ്രേക്ഷകരെ ആവേശം കൊള്ളിച്ച ഷാജി കൈലാസ് എന്ന സംവിധായകന്റെ തിരിച്ചു വരവ് ചിത്രം കൂടിയാകുമ്പോൾ ആ പ്രതീക്ഷ വീണ്ടും ഉയർന്നു. സൗത്ത് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് പ്രൊമോഷൻ ഇവന്റ്സ് സംഘടിപ്പിച്ചും കടുവ ടീം ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ചു. ഇപ്പോൾ ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെയാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ ഏറ്റവും മികച്ചത് – “അവരുടെ ആവശ്യം ഒരു പോരാട്ടം, അവൻ അവർക്ക് ഒരു യുദ്ധം തന്നെ നൽകി.”

രണ്ട് മനുഷ്യർക്ക് ഇടയിൽ ഉണ്ടായ ഈഗോ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നത് ആണ് ചിത്രത്തിൽ കാണാൻ കഴിയുക. എന്ത് കളിയ്ക്കും തുനിഞ്ഞു ഇറങ്ങുന്ന കടുവകുന്നേൽ കുര്യച്ചൻ എന്ന പൃഥ്വിരാജ് കഥാപാത്രവും അതിനോട് കിടപിടിക്കുന്ന തരത്തിൽ തന്നെയുള്ള വിവേക് ഒബ്‌റോയുടെ ജോസഫ് ചാണ്ടി എന്ന കഥാപാത്രവും ഈഗോയുടെ പുറത്ത് വിട്ടുവീഴ്ച്ച ഇല്ലാതെ പോരാട്ടത്തിന് തുനിഞ്ഞു ഇറങ്ങുന്നതിലൂടെ ആണ് സിനിമാ പുരോഗമിക്കുന്നത്.

കുര്യച്ചൻ ജയിലേക്ക് എത്തുന്നതിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അയാൾ അവിടെ എത്തിയ സാഹചര്യം എന്താണ് എന്നത് ആണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ കാണാൻ കഴിയുക. പിന്നെ അയാൾ അതിന് കാരണക്കാരായവർക്ക് നൽകുന്ന തിരിച്ചടികളുമായി ചിത്രം തുടരുമ്പോൾ കുര്യച്ചന്റെ ഭാഷയിൽ പറഞ്ഞാൽ അത് പിന്നെ ഒരു യുദ്ധം തന്നെ ആയി മാറുകയും ചെയ്യുന്നു. അവസാനം ഈ യുദ്ധം തുടരും എന്ന് പറഞ്ഞു വെച്ചാണ് ആണ് ചിത്രം അവസാനിക്കുന്നത്. അതായത്, ഈ യുദ്ധത്തിന് താത്കാലിക ഒരു ബ്രെയ്ക്ക് നൽകിയതിന് ശേഷം ഒരു തുടർച്ച ഉണ്ടായേക്കാം.

നമ്മുടെ മുതിർന്ന സൂപ്പർതാരങ്ങൾക്ക് ശേഷം മാസ് കഥാപാത്രങ്ങളെ അതി ഗംഭീരമായി അവതരിപ്പിക്കാൻ പൃഥ്വിരാജ് തന്നെയാണ് മികച്ചത് എന്നതിന് ഒരു ഉദാഹരണമാണ് കുര്യച്ചൻ എന്ന കഥാപാത്രം. നടപ്പിലും നോട്ടത്തിലും എല്ലാം മാസ് അപ്പീൽ കൊണ്ട് വരാൻ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ മിന്നിതിളങ്ങാനും അദ്ദേഹത്തിന് സാധിച്ചു. ജോസഫ് ചാണ്ടി ആയി വിവേക് ഒബ്‌റോയും തിളങ്ങി. കഥാപാത്രം ഈഗോയിലൂടെ സഞ്ചരിച്ചു അസ്വസ്ഥതയിലേക്ക് മാറുന്നത് ഒക്കെയും മികച്ച രീതിയിൽ വിവേക് അതരിപ്പിച്ചു. ഷാജോൺ, അലൻസിയർ, ബൈജു, അർജ്ജുൻ അശോകൻ തുങ്ങിയവർ ഒക്കെയും നന്നായി. നായികാ വേഷത്തിൽ എത്തിയ സംയുക്ത മേനോൻ സിനിമയിൽ ഉടനീളം കാണുന്ന വേഷത്തിൽ അല്ലായിരുന്നു എങ്കിലും നല്ല പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്.

ഷാജി കൈലാസ് എന്ന മാസ് സിനിമകളുടെ തമ്പുരാൻ അദ്ദേഹത്തിന്റെ ട്രേഡ്മാർക് ഷോട്ടുകൾ ഓർമ്മപ്പെടുത്തുന്നുണ്ട്. വൈഡ് ആങ്കിൽ ഷോട്ടുകൾ തൊട്ട് ക്ലോസപ്പ് ഷോട്ടുകൾ വരെ ഏതും തന്റേതായ ഒരു ടച്ച് നൽകുമ്പോൾ മാസ് സീനുകളെ ഏറ്റവും മികച്ച രീതിയിൽ എലിവേറ്റ് ചെയ്ത് മികച്ച അനുഭവം സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ആക്ഷൻ പായ്ക്ക്ഡ് കൊമേഴ്‌സ്യൽ എന്റർടെയ്‌നറുകൾ ഒരുക്കുന്നതിൽ ഉള്ള മികവ് അദ്ദേഹം ഒരിക്കൽ കൂടി തെളിയിക്കുന്നു. അദ്ദേഹത്തിന് മികച്ച പിന്തുണയേകി സാങ്കേതിക വിഭാഗവും പ്രവർത്തിച്ചിട്ടുണ്ട്. ഛായാഗ്രഹണവും എഡിറ്റിങ്ങും ഒക്കെ നന്നായിട്ടുണ്ട്. മാസ് സിനിമകളുടെ ഏറ്റവും മികച്ച ആകർഷണങ്ങളിൽ ഒന്നാവേണ്ടത് സ്കോറിങ് ആണ്. ജെക്‌സ് ബിജോയ്ക്ക് അതിൽ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആകെ മൊത്തത്തിൽ ചിത്രത്തെ വിലയിരുത്തുമ്പോൾ മാസ് സിനിമയുടെ അഭാവം എന്ന മലയാള സിനിമാ പ്രേക്ഷകരുടെ പരാതിയ്ക്ക് കടുവ പരിഹാരം ആയിരിക്കുന്നു എന്ന് പറയാം. ഒരിക്കൽ കൂടി മാസ് ഹീറോയെ ആഘോഷിക്കാനും തീയേറ്ററുകളിൽ ആരവങ്ങൾക്ക് ഒപ്പം ചേരാനും കടുവ കളം ഒരുക്കിയിരിക്കുന്നു. മാസ് സിനിമാ പ്രേക്ഷകർക്ക് നല്ലൊരു സിനിമാ അനുഭവം സമ്മാനിക്കാൻ ചിത്രത്തിന് ആവും എന്നത് തീർച്ച.

മഹാ പ്രതിഭകളുടെ സംഗമം; എംടിയുടെ ‘ഓളവും തീരവും’ ചിത്രീകരണം ആരംഭിച്ചു…

പൊന്നിയിൻ സെൽവന് വേണ്ടി മെഗാ താരങ്ങൾ ഒന്നിക്കുന്നു; പാൻ ഇന്ത്യൻ ട്രെയിലർ ലോഞ്ച്…