in

100 കോടി ക്ലബ്ബുകൾ ‘തുടരും’; മോഹൻലാലിന് ദക്ഷിണേന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത റെക്കോർഡ്…

100 കോടി ക്ലബ്ബുകൾ ‘തുടരും’; മോഹൻലാലിന് ദക്ഷിണേന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത റെക്കോർഡ്, ‘തുടരും’ കളക്ഷൻ റിപ്പോർട്ട്

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ “തുടരും” 100 കോടി ക്ലബിൽ. റിലീസ് ചെയ്ത് ആറാം ദിനമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് “തുടരും”. റിലീസ് ചെയ്ത് രണ്ടാം ദിനം നൂറു കോടി നേടിയ മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ലിസ്റ്റിൽ ഒന്നാമത്. ഒരു മാസത്തിന് ഇടയിൽ രണ്ട് 100 കോടി ക്ലബ് ചിത്രം എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ സൂപ്പർതാരം എന്ന റെക്കോർഡ് നേട്ടവും ഇതോടെ മോഹൻലാലിന് സ്വന്തമായി.

ആറാം ദിനമായ ഇന്നത്തോടെ കേരളത്തിൽ നിന്ന് മാത്രം 40 കോടിയോളം ഗ്രോസിൽ എത്തുന്ന “തുടരും” നേടിയ ഓൾ ഇന്ത്യ ഗ്രോസ് 50 കോടിയോളമാണ്. ആദ്യ അഞ്ച് ദിനം കൊണ്ട് തന്നെ 51 കോടിയോളം വിദേശ ഗ്രോസ് നേടിയ ചിത്രം ആറാം ദിനം പൂർത്തിയാവുമ്പോൾ 55 കോടിയോളം വിദേശ ഗ്രോസ് എത്തിയേക്കാമെന്നാണ് സൂചന. നോർത്ത് അമേരിക്കയിൽ നിന്ന് 1 മില്യൺ ഗ്രോസ് നേടുന്ന നാലാമത്തെ മാത്രം മലയാള ചിത്രമാണ് “തുടരും”.

ഗൾഫിൽ നിന്നും ചിത്രം ആറാം ദിനം 35 കോടിയും കടന്ന് കുതിക്കും. ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, റസ്റ്റ് ഓഫ് ദി വേൾഡ് എന്നീ മാർക്കറ്റുകളിലും ചിത്രത്തിന്റെ മികച്ച പ്രകടനം തുടരുകയാണ്. ഇന്നത്തോടെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ചിത്രം 10 കോടി കവിയും. നൂറു കോടി ക്ലബിലെത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് “തുടരും”.

പുലിമുരുകൻ (143 കോടി), ലൂസിഫർ (128 കോടി), എമ്പുരാൻ (264 കോടി) എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു മോഹൻലാൽ ചിത്രങ്ങൾ. മഞ്ഞുമ്മൽ ബോയ്സ്, 2018 , ആടുജീവിതം, ആവേശം, പ്രേമലു, അജയന്റെ രണ്ടാം മോഷണം, മാർക്കോ എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു മലയാള ചിത്രങ്ങൾ. നൂറു കോടി ക്ലബിലെത്തുന്ന പതിനൊന്നാമത്തെ മലയാള ചിത്രമാണ് “തുടരും”.

തീയും നിഴലും പോലെ ഭയം പടർത്താൻ പ്രണവ് മോഹൻലാലും രാഹുൽ സദാശിവനും; ‘എൻഎസ്എസ് 2’ പൂർത്തിയായി

“അസുര തലപറക്കും തുള്ളാട്ടം, ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം”; തുടരും കൊണ്ടാട്ടം ഗാനം പുറത്ത്…