വിസ്മയയുടെ ‘തുടക്കം’ ഓണത്തിന്; ജൂഡ് ആൻ്റണി – വിസ്മയ മോഹൻലാൽ ചിത്രം ഫസ്റ്റ് ലുക്ക് പുറത്ത്

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന “തുടക്കം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൂപ്പർഹിറ്റ് സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് ഒരുക്കുന്ന ചിത്രം ഓണം റിലീസായി 2026 ഓഗസ്റ്റ് മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും.
വിസ്മയക്കൊപ്പം ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന ആശിഷ് ജോ ആൻ്റണിയും ഫസ്റ്റ് ലുക്ക് പോസ്റ്ററിൻ്റെ ഭാഗമാണ്. ഈ കഴിഞ്ഞ ഒക്ടോബറിൽ കൊച്ചിയിൽ നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് നവംബർ പകുതിയോടെ ആണ് ആരംഭിച്ചത്. ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും വേഷമിടുന്നുണ്ട്.
2026 മെയ് ഒന്നിനാണ് ചിത്രം ആദ്യം ആഗോള റിലീസായി പ്രഖ്യാപിച്ചത് എങ്കിലും, പിന്നീട് ഓണം റിലീസിലേക്ക് മാറ്റുകയായിരുന്നു. ജോമോൻ ടി ജോൺ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി ചിത്രത്തിൽ നെഗറ്റീവ് വേഷം ആണ് ചെയ്യുന്നത് എന്നാണ് സൂചന. യാനിക് ബെൻ, സ്റ്റണ്ട് സിൽവ എന്നിവർ ആക്ഷൻ ഒരുക്കുന്ന ചിത്രം രചിച്ചത് ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, സംവിധായകൻ ജൂഡ് ആന്റണി എന്നിവർ ചേർന്നാണ്.
ചിത്രത്തിൻ്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും എന്നാണ് സൂചന. ഫെബ്രുവരി ആദ്യ വാരത്തോടെ തുടക്കത്തിൻ്റെ ചിത്രീകരണം അവസാനിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.


