in

അഞ്ച് ഭാഷകളിൽ ബിഗ് റിലീസ്; പ്രഭാസിന്റെ ‘രാജാസാബ്’ നാളെ റിലീസിനെത്തുന്നു

അഞ്ച് ഭാഷകളിൽ ബിഗ് റിലീസ്; പ്രഭാസിന്റെ ‘രാജാസാബ്’ നാളെ റിലീസിനെത്തുന്നു.

ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസിന്റെ പാൻ-ഇന്ത്യൻ ഹൊറർ ഫാന്റസി ചിത്രം ‘രാജാസാബ്’ നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഹൊററും ഫാന്റസിയും റൊമാൻസും കോമഡിയും ഒത്തുചേരുന്ന ഈ ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത് ഗോകുലം മൂവീസാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.

ഐതിഹ്യങ്ങളും മിത്തുകളും കോർത്തിണക്കി പ്രേക്ഷകർക്ക് ആവേശം പകരുന്ന എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളാണ് രാജാസാബ് വാഗ്ദാനം ചെയ്യുന്നത്. ബോക്സോഫീസിൽ റെക്കോർഡുകൾ തീർത്ത ‘കൽക്കി 2898 എ.ഡി’ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ സമാനതകളില്ലാത്ത സൂപ്പർ നാച്ചുറൽ ദൃശ്യവിരുന്നായിരിക്കും. ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന് ട്രെയിലറുകളിൽ നിന്ന് വ്യക്തമാണ്. കരിയറിലെ ഇതുവരെ കാണാത്ത രീതിയിലുള്ള പുത്തൻ ലുക്കിലും സ്റ്റൈലിലുമാണ് പ്രഭാസ് ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒപ്പം സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന വേറിട്ട ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ മാരുതിയാണ്. ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷമാണ് മാരുതി പ്രഭാസുമായി ഒന്നിക്കുന്നത്.

മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഒരു ഹൊറർ സിനിമയ്ക്കായി ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരുക്കിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സെറ്റാണ് രാജാസാബിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതിനകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും പ്രേക്ഷകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഓ.: ആതിര ദിൽജിത്ത്.

100 കോടി മൾട്ടി-ഫിലിം ഡീൽ; നിവിൻ പോളിയുമായി കൈകോർത്തു പനോരമ സ്റ്റുഡിയോസ്

രജിഷാ വിജയന്റെ ഡാൻസുമായി കൃഷാന്ദ് ചിത്രം ‘മസ്തിഷ്‌ക മരണം’ ആദ്യ ഗാനം പുറത്ത്