100 കോടി മൾട്ടി-ഫിലിം ഡീൽ; നിവിൻ പോളിയുമായി കൈകോർത്തു പനോരമ സ്റ്റുഡിയോസ്

മലയാള ചലച്ചിത്ര വ്യവസായത്തിൽ പുതിയൊരു ചരിത്രം കുറിച്ച് പ്രമുഖ നടനും നിർമ്മാതാവുമായ നിവിൻ പോളിയും ഇന്ത്യയിലെ പ്രശസ്ത നിർമ്മാണ-വിതരണ കമ്പനിയായ പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു. 100 കോടി രൂപ മുതൽമുടക്കിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ‘മൾട്ടി-ഫിലിം ഡീൽ’ ആണ് ഇരുവരും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസിനായി കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരും നിവിൻ പോളിയും ചേർന്നാകും ഈ പദ്ധതി പ്രകാരം ചിത്രങ്ങൾ നിർമ്മിക്കുക.
ബോളിവുഡിലും മറ്റിതര ഇന്ത്യൻ സിനിമാ മേഖലകളിലും ഗുണമേന്മയുള്ള സിനിമകളിലൂടെ ശ്രദ്ധേയമായ സ്ഥാപനമാണ് പനോരമ സ്റ്റുഡിയോസ്. ‘ഓങ്കാര’ മുതൽ ‘ദൃശ്യം 1 & 2’, ‘പ്യാർ കാ പഞ്ചനാമ’ സീരീസുകൾ, ‘റെയ്ഡ്’, ‘ഷൈതാൻ’ തുടങ്ങിയ നിരവധി ബ്ലോക്ക്ബസ്റ്ററുകൾ ഇവർ നിർമ്മിച്ചിട്ടുണ്ട്. നിലവിൽ ‘ദൃശ്യം 3’ നിർമ്മാണ ഘട്ടത്തിലാണ്. ബോക്സ് ഓഫീസ് വിജയത്തിനൊപ്പം അൻപതിലധികം അവാർഡുകൾ നേടിയ മികച്ച ഉള്ളടക്കമുള്ള സിനിമകളും പനോരമ സ്റ്റുഡിയോസിന്റെ ക്രെഡിറ്റിലുണ്ട്.
അഭിനയ പ്രതിഭ കൊണ്ടും ശക്തമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലെ സവിശേഷത കൊണ്ടും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് നിവിൻ പോളി. രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ പത്തിലധികം പ്രമുഖ പുരസ്കാരങ്ങൾ നിവിൻ പോളിയെ തേടിയെത്തിയിട്ടുണ്ട്. ഈ സഖ്യത്തിലൂടെ മലയാളത്തിലെ മികച്ച പ്രതിഭകളെയും വാണിജ്യ സാധ്യതയുള്ള പ്രമേയങ്ങളെയും സംയോജിപ്പിക്കാനാണ് പനോരമ സ്റ്റുഡിയോസ് ലക്ഷ്യമിടുന്നത്.
മലയാള സിനിമയുടെ കരുത്തുറ്റ കഥപറച്ചിലിനെ മുൻനിർത്തിയാണ് തങ്ങളുടെ ദക്ഷിണേന്ത്യൻ വിപുലീകരണം പനോരമ സ്റ്റുഡിയോസ് പ്ലാൻ ചെയ്യുന്നത് എന്ന് ചെയർമാൻ കുമാർ മംഗത് പഥക് വ്യക്തമാക്കി. നിവിൻ പോളിയുമായുള്ള സഹകരണം കമ്പനിയുടെ സ്വാഭാവികമായ വളർച്ചയുടെ ഭാഗമാണെന്നും, ദീർഘകാലാടിസ്ഥാനത്തിലുള്ള ക്രിയേറ്റീവ് പങ്കാളിത്തമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും പനോരമ സ്റ്റുഡിയോസുമായുള്ള ഈ സഹകരണം ആവേശകരമാണെന്ന് നിവിൻ പോളി പ്രതികരിച്ചു. ഗുണനിലവാരമുള്ള സിനിമകളോടുള്ള പനോരമയുടെ പ്രതിബദ്ധതയും കാഴ്ചപ്പാടും താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള കഥകളുമായി ചേർന്നുപോകുന്നുവെന്നും, അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ടുള്ള മികച്ച സിനിമകൾ ഈ കൂട്ടുകെട്ടിൽ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ മൂല്യം കൊണ്ടും ക്രിയേറ്റീവ് വിഷൻ കൊണ്ടും മലയാള സിനിമയുടെ ആഗോള സ്വാധീനം വർദ്ധിപ്പിക്കാൻ ഈ കരാർ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈവിധ്യമാർന്ന ജോണറുകളിൽപ്പെടുന്ന ചിത്രങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെടുന്ന സിനിമകൾ സൃഷ്ടിക്കാനാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്.


