രജിഷാ വിജയന്റെ ഡാൻസുമായി കൃഷാന്ദ് ചിത്രം ‘മസ്തിഷ്‌ക മരണം’ ആദ്യ ഗാനം പുറത്ത്

‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ നൂതനമായ ആഖ്യാനശൈലി അവതരിപ്പിച്ച സംവിധായകൻ കൃഷാന്ദിന്റെ പുതിയ സിനിമ ‘മസ്തിഷ്‌ക മരണം: സൈമൺസ് മെമ്മറീസി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കോമള താമര’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 2046-ലെ കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയാണ്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം ‘ഗഗനചാരി’ക്ക് ശേഷം കൃഷാന്ദും നിർമ്മാതാക്കളും വീണ്ടും ഒന്നിക്കുന്ന പ്രോജക്റ്റാണ്. രജിഷ വിജയനും സഞ്ജു ശിവറാമും ആണ് ഈ ഗാനത്തിലെ പ്രധാന താരങ്ങൾ. വർക്കി സംഗീതം നൽകിയ ഗാനം പ്രണവം ശശിയാണ് ആലപിച്ചിരിക്കുന്നത്. ആന്ദ്രേ റാപ്പിന്റെ റാപ്പ് വരികളും ഗാനത്തിലുണ്ട്. ഡാൻസിങ് നിഞ്ച ടീമാണ് കൊറിയോഗ്രാഫി നിർവഹിച്ചത്.
ഭാവിയിലെ കൊച്ചി നഗരത്തെ (നിയോ കൊച്ചി) ദൃശ്യവൽക്കരിക്കുന്നതിൽ വിഎഫ്എക്സ് സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമാണ് സിനിമയിൽ നൽകിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി പ്ലാൻ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യപ്രഭ എന്നിവരടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും.


