മികച്ച അഡ്വാൻസ് ബുക്കിംഗ്, വൻ തിരിച്ചുവരവിനൊരുങ്ങി സൂര്യ; കാർത്തിക് സുബ്ബരാജ് ചിത്രം ‘റെട്രോ’ മെയ് ഒന്നിന്

വമ്പൻ തിരിച്ചു വരവിനൊരുങ്ങി പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് തമിഴകത്തിന്റെ നടിപ്പിൻ നായകനായ സൂര്യ. കാർത്തിക് സുബ്ബരാജ് ഒരുക്കിയ ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രമായ റെട്രോ മെയ് ഒന്നിന് ആഗോള റിലീസായെത്തും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ഓൾ ഇന്ത്യ തലത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.
തമിഴ്നാട് നിന്ന് ഇതിനോടകം 1700 ഷോകളിൽ നിന്ന് 5 കോടി 18 ലക്ഷം അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയ ചിത്രം കേരളത്തിൽ നിന്നു 539 ഷോകളിലൂടെ 66 ലക്ഷമാണ് നേടിയത്. കർണാടകയിൽ നിന്ന് 326 ഷോയിലൂടെ 55 ലക്ഷവും ചിത്രം നേടി. മറ്റു റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റുകളിലും ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട് എന്നാണ് സൂചന.
ആക്ഷനും റൊമാൻസും കോർത്തിണക്കിയ ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. സൂര്യയുടെ 44-ാം ചിത്രമായി എത്തുന്ന റെട്രോ, 1980കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്, പ്രേം കുമാര്‍, രാമചന്ദ്രന് ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.
സൂര്യയുടെ 2ഡി എന്റർടൈൻമെൻറ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനാണ്. ശ്രേയസ് കൃഷ്ണ കാമറ ചലിപ്പിച്ച ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചത് ഷഫീക് മുഹമ്മദ് അലിയാണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റായിട്ടുണ്ട്. ട്രെയ്ലറിനും മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചിട്ടുണ്ട്.