കേരളത്തിലും പ്രേക്ഷക ശ്രദ്ധ നേടി ശശികുമാർ – സിമ്രാൻ ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’

ശശികുമാറിനെയും സിമ്രാനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത തമിഴ് സിനിമ ‘ടൂറിസ്റ്റ് ഫാമിലി’ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിൽ എത്തിച്ച ഈ ചിത്രത്തിന് മലയാള പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഗുഡ് നൈറ്റ്’, ‘ലവർ’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിർമ്മാതാക്കളായ മില്യൺ ഡോളർ സ്റ്റുഡിയോസും എംആർപി എൻ്റർടൈയ്ൻമെൻ്റും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ശ്രീലങ്കയിൽ നിന്നും പലായനം ചെയ്ത് രാമേശ്വരത്ത് എത്തുന്ന ഒരു കുടുംബത്തിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. പിന്നീട് ചെന്നൈയിലെ ഒരു കോളനിയിൽ അവർ താമസമാക്കുന്നു. അവിടെ നടക്കുന്ന രസകരവും അതേസമയം വൈകാരികവുമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഈ സിനിമയിൽ ‘ആവേശം’ എന്ന മലയാള സിനിമയിൽ ശ്രദ്ധേയമായ ബിബിമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഥുൻ ജയ് ശങ്കറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശശികുമാറിനും സിമ്രാനുമൊപ്പം മിഥുൻ അവതരിപ്പിച്ച അവരുടെ മൂത്ത മകന്റെ കഥാപാത്രവും മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ ഇളയ മകനായി അഭിനയിച്ച കമലേഷും ശ്രദ്ധേയനായി.
ചിത്രത്തിൽ യോഗി ബാബു, എം. എസ് ഭാസ്കർ, രമേഷ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗലക്ഷ്മി, അബിഷൻ ജിവിന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ അബിഷൻ ജിവിന്ത് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. അരവിന്ദ് വിശ്വനാഥനാണ് ഛായാഗ്രഹണം. സംഗീതം ഷോൺ റോൾഡനും എഡിറ്റിംഗ് ഭരത് വിക്രമനും നിർവഹിച്ചിരിക്കുന്നു. പിആർഒ: ശബരി.