45 ദിവസങ്ങൾ, 67 കോടിയും കടന്ന് ‘രോമാഞ്ചം’; പുതിയ കളക്ഷൻ റിപ്പോർട്ട്…

ഈ വർഷം തുടക്കം തന്നെ മലയാളത്തിന് ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ‘രോമാഞ്ചം’ എന്ന ചിത്രത്തിലൂടെ ലഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 3ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ 45 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇക്കാലത്ത് ഇത്തരത്തിൽ ലോങ് റൺ കിട്ടുന്നത് തന്നെ വലിയ അതിശയകരമായ കാര്യമാണ്. ജിത്തു മാധവൻ ഒരുക്കിയ ഈ ഹൊറർ കോമഡി ചിത്രം 45 ദിവസങ്ങൾ കൊണ്ട് ആഗോളതല ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത് 67.25 കോടി ആണ്. ആഗോളതല കളക്ഷനിൽ ഏഴാം സ്ഥാനത്ത് ആണ് ഈ ചിത്രം.
കേരള ബോക്സ് ഓഫിസിൽ നിന്ന് 40.5 കോടിയാണ് ഈ ചിത്രം വാരികൂട്ടിയത്. മലയാളത്തിലേക്ക് ഡബ് ചെയ്ത ചിത്രങ്ങൾ മാറ്റി നിർത്തിയാൽ രോമാഞ്ചത്തിന് ഈ കണക്ക് അനുസരിച്ച് ആറാം സ്ഥാനത്ത് ആണിപ്പോൾ. ഡബ് ചെയ്ത ചിത്രങ്ങൾ കൂടി പരിഗണിച്ചാൽ എട്ടാം സ്ഥാനവും. ഓവർസീസിൽ നിന്ന് 22.85 കോടിയും റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് 3.9 കോടിയും ചിത്രം നേടി. സൗബിൻ ഷാഹിർ, അർജ്ജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകിയായിരുന്നു അവസാനിച്ചത്.