മാസ് പരിവേഷത്തിൽ ആറാടാൻ പൃഥ്വി; ഇനി ‘കടുവ’യുടെ വരവ്…

‘ജനഗണമന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രണ്ട് പൃഥ്വിരാജ് ചിത്രങ്ങൾ കൂടി തീയേറ്ററുകളിൽ എത്താൻ തയ്യാറായി നിൽക്കുക ആണ്. ഷാജി കൈലാസ് ഒരുക്കുന്ന ‘കടുവ’, അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’ എന്നിവ ആണ് ആ ചിത്രങ്ങൾ. ഇതിൽ ഏത് ആണ് ആദ്യം തിയേറ്ററുകളില് എത്തുക എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉള്ള ഉത്തരം ഇന്ന് ലഭിച്ചിരിക്കുക ആണ്.
ഷാജി കൈലാസ് – പൃഥ്വിരാജ് ടീമിന്റെ ‘കടുവ’ തന്നെയാണ് അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് ചിത്രം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് പൃഥ്വിരാജ് തന്നെ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുക ആണ്. പൃഥ്വിരാജിന്റെ ട്വീറ്റും പോസ്റ്ററും കാണാം:
#Kaduva🐅 Next! pic.twitter.com/mawH8fvMD7
— Prithviraj Sukumaran (@PrithviOfficial) May 28, 2022
കടുവയുടെ പുതിയ പോസ്റ്ററിൽ പൃഥ്വിരാജിന് ഒപ്പം ബോളിവുഡ് നടൻ വിവേക് ഒബ്റോയിയും പ്രത്യക്ഷപ്പെടുന്നുണ്ട്. വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തിയ മോഹൻലാൽ ചിത്രമായ ലൂസിഫർ ആയിരുന്നു വിവേകിന്റെ ആദ്യ മലയാള ചിത്രം. ലൂസിഫറിലെ പോലെ കടുവയിലും വില്ലൻ വേഷത്തിൽ ആണ് വിവേക് എത്തുന്നത്.
മാസ് പരിവേഷത്തിലേക്ക് പൃഥ്വിരാജ് തിരികെ എത്തുന്നത് എന്നതും മാസ് സിനിമകളുടെ സംവിധായകൻ ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രം എന്ന നിലയിലും ഒക്കെ വലിയ പ്രതീക്ഷ കൽപ്പിക്കുന്ന ചിത്രമായ കടുവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു എബ്രഹാം ആണ്. സംയുക്ത മേനോൻ നായികയാകുന്ന ചിത്രത്തിൽ സായികുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, കൊച്ചു പ്രേമൻ, രാഹുൽ മാധവ്, സീമ, പ്രിയങ്ക എന്നിവരും അഭിനയിക്കുന്നു.