in

തന്റേതായ സ്ഥാനം ഉറപ്പിക്കാൻ പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ വരുന്നു, ടൈറ്റിൽ പോസ്റ്റർ പുറത്ത്

തന്റേതായ സ്ഥാനം ഉറപ്പിക്കാൻ പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ വരുന്നു, ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിരൂപ പ്രശംസകകളും പ്രേക്ഷക പ്രീതിയും ഒരേപോലെ നേടിയ ‘ഭ്രമയുഗ’ത്തിന് ശേഷം നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് വീണ്ടും പ്രേക്ഷകരെ ഹൊറർ സിനിമയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോകാൻ ഒരുങ്ങുകയാണ്. അവരുടെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ‘ഡീയസ് ഈറേ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് ‘ഭ്രമയുഗ’ത്തിൻ്റെ സംവിധായകനായ രാഹുൽ സദാശിവൻ തന്നെയാണ്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹൊറർ ത്രില്ലർ വിഭാഗത്തിൽ വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ് ‘ഡീയസ് ഈറേ’. ഈ സിനിമയെക്കുറിച്ച് അണിയറ പ്രവർത്തകർ പറയുന്നത് ഇങ്ങനെ: “ഭ്രമയുഗത്തിലൂടെ, ഇന്ത്യൻ ഹൊറർ ത്രില്ലറുകൾക്ക് ആഗോളതലത്തിൽ നേടാൻ കഴിയുന്ന ശ്രദ്ധ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. ‘ഡീയസ് ഈറേ’ ഈ മുന്നേറ്റത്തിന്റെ അടുത്ത പടിയാണ്. പ്രണവ് മോഹൻലാൽ ഈ ഴോണറിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ പോവുകയാണ്. പുതിയ തലമുറയുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന തീർത്തും വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് ‘ഡീയസ് ഈറേ’യിൽ അവതരിപ്പിക്കുന്നത്. ഇതൊരു ഹൊറർ-ത്രില്ലർ സിനിമയായിരിക്കുമ്പോൾ തന്നെ, ഇതിന്റെ കഥപറച്ചിൽ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകും.”

‘ഭ്രമയുഗ’ത്തിൽ പ്രവർത്തിച്ച അതേ ടീം തന്നെയാണ് ഈ ചിത്രത്തിലും ഒന്നിക്കുന്നത് എന്നത് സിനിമയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ സിനിമ ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ‘ക്രോധത്തിൻ്റെ ദിനം’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘ഡീയസ് ഈറേ’ എത്തുക. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങളോ കഥാഗതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, അടുത്ത ആഴ്ച ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങും എന്ന് കരുതപ്പെടുന്നു. ഈ വർഷം അവസാനത്തോടെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്നാണ്. DOP: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷാഫിഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർമാർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പിആർഒ: ശബരി, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.

മനസ്സ് നിറയ്ക്കുന്ന കഥയിലൂടെയൊരു ‘സർക്കീട്ട്’; റിവ്യൂ വായിക്കാം

ആ കണ്ണൊന്ന് നിറഞ്ഞാൽ പ്രേക്ഷകരുടേയും കണ്ണ് നിറയും; ‘സർക്കീട്ടി’ലും ഞെട്ടിച്ച് ആസിഫ് അലി