ആ കണ്ണൊന്ന് നിറഞ്ഞാൽ പ്രേക്ഷകരുടേയും കണ്ണ് നിറയും; ‘സർക്കീട്ടി’ലും ഞെട്ടിച്ച് ആസിഫ് അലി

ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ ‘സർക്കീട്ട്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ഷോ മുതൽ തന്നെ കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിച്ച ചിത്രം പ്രവാസ ജീവിതത്തിന്റെ കണ്ണീരും ചിരിയും എല്ലാം ഉൾക്കൊളിച്ചാണ് കഥ പറയുന്നത്. മനോഹരമായ ഒരു ഫീൽ ഗുഡ് ഇമോഷണൽ ഫാമിലി ഡ്രാമ എന്ന അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതിനൊപ്പം തന്നെ ആസിഫ് അലി എന്ന നടനും പ്രേക്ഷകർ കയ്യടിക്കുകയാണ്.
തലവൻ, കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങളിലൂടെ ഈ അടുത്തകാലത്തായി കഥാപാത്ര വൈവിധ്യം കൊണ്ട് അമ്പരപ്പിക്കുന്ന ആസിഫ് അലി ഒരിക്കൽ കൂടി അതാവർത്തിക്കുന്ന ചിത്രമാണ് ‘സർക്കീട്ട്’. ഈ ചിത്രത്തിലെ ആമിർ എന്ന 27 വയസ്സുകാരനായ യുവാവിന്റെ വേഷത്തിൽ ഞെട്ടിക്കുന്ന സ്വാഭാവികതയോടെ ആസിഫ് അലി പെരുമാറുന്ന കാഴ്ച മനോഹരമാണ്. ആസിഫിന്റെ കണ്ണൊന്ന് നിറഞ്ഞാൽ പ്രേക്ഷകരുടേയും കണ്ണ് നിറയും എന്ന രീതിയിലാണ് ആസിഫിന്റെ പ്രകടനം.
അത്രമാത്രം പ്രേക്ഷകരുമായി വൈകാരികമായി തന്റെ കഥാപാത്രത്തെ ബന്ധിപ്പിക്കാൻ ആസിഫിന് സാധിക്കുന്നുണ്ട്. ജോലി തേടി ഗൾഫിൽ അലയുന്ന ആമിറിന്റെ സങ്കടങ്ങളും ഇച്ഛാ ശക്തിയും ആമിർ നേരിടുന്ന വെല്ലുവിളികളും എല്ലാം വളരെ അനായാസമായി ആസിഫ് പകർന്നാടുന്നുണ്ട്. പ്രേക്ഷകർക്ക് തങ്ങളിലൊരുവനായി ആസിഫിനെ സ്ക്രീനിൽ കാണാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ നടന്റെ അഭിനയ മികവിന് അടിവരയിടുന്നത്. ചിത്രത്തിലെ ബാലതാരമായ ഓർഹാനൊപ്പമുള്ള ആസിഫിന്റെ കോമ്പിനേഷൻ രംഗങ്ങൾ ഏറെ രസകരമാണ്.
താമർ തന്നെ രചിച്ച ഈ ചിത്രം നിർമ്മിച്ചത് അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നിവർ ചേർന്നാണ്. ആസിഫ് അലി, ബാലതാരം ഓർഹാൻ എന്നിവർക്കൊപ്പം ദിവ്യ പ്രഭ, ദീപക് പറമ്പൊൾ, പ്രശാന്ത് അലക്സാണ്ടർ എന്നിവരും ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്.