ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കാൻ പനോരമ; സെഞ്ച്വറി ഫിലിംസുമായി വിതരണ കരാറിൽ ഒപ്പിട്ടു

ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും മലയാളത്തിലെ വിശ്വസ്ത ബാനറായ സെഞ്ച്വറി ഫിലിംസും ദീർഘകാല വിതരണ പങ്കാളിത്തത്തിനായി കൈകോർക്കുന്നു. പനോരമ സ്റ്റുഡിയോസ് നിർമ്മിക്കുന്ന വരാനിരിക്കുന്ന എല്ലാ മലയാള ചിത്രങ്ങളും കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുക ഇനി സെഞ്ച്വറി ഫിലിംസ് ആയിരിക്കും. ദക്ഷിണേന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പനോരമ ഈ നീക്കം നടത്തുന്നത്.
ജനുവരി 30-ന് തിയേറ്ററുകളിലെത്തുന്ന റഹ്മാൻ – ഭാവന ചിത്രം ‘അനോമി’ (Anomie) ആണ് ഈ കൂട്ടുകെട്ടിലെ ആദ്യ സിനിമ. ആസിഫ് അലി നായകനാകുന്ന ‘ടിക്കിടാക്ക’, കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിക്കുന്ന പുതിയ ചിത്രം (പ്രൊഡക്ഷൻ നമ്പർ 3) തുടങ്ങി ഒട്ടേറെ പ്രതീക്ഷയുള്ള പ്രോജക്റ്റുകളും വരാനിരിക്കുന്ന മറ്റ് സിനിമകളും ഈ കരാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
മലയാള സിനിമയിൽ അഞ്ച് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ‘സെഞ്ച്വറി കൊച്ചുമോൻ’ (എം.സി ഫിലിപ്പ്) നയിക്കുന്ന സെഞ്ച്വറി ഫിലിംസിന് തിയേറ്റർ ഉടമകളുമായും സിനിമയിലെ മറ്റ് മേഖലകളിലുമുള്ള കരുത്തുറ്റ ബന്ധമാണ് ഈ സഹകരണത്തിന് പനോരമയെ പ്രേരിപ്പിച്ചത്. എഴുപതുകളുടെ മധ്യത്തിൽ പ്രവർത്തനം ആരംഭിച്ച സെഞ്ച്വറി ഫിലിംസ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വിശ്വസനീയമായ നിർമ്മാണ-വിതരണ സ്ഥാപനങ്ങളിലൊന്നാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ എണ്ണമറ്റ ഹിറ്റുകൾ സമ്മാനിച്ച പാരമ്പര്യമാണ് സെഞ്ച്വറിക്കുള്ളത്.
കുമാർ മങ്ങാട്ട് പഥക് (ചെയർമാൻ, പനോരമ സ്റ്റുഡിയോസ്):“സെഞ്ച്വറി ഫിലിംസ് എന്നത് വെറുമൊരു വിതരണ കമ്പനിയല്ല; മലയാള സിനിമയിലെ ഒരു വലിയ പ്രസ്ഥാനമാണത്. സെഞ്ച്വറി കൊച്ചുമോന്റെ പാരമ്പര്യവും അദ്ദേഹത്തിനുള്ള വിശ്വാസ്യതയും സിനിമയിലുള്ള ആഴത്തിലുള്ള ബന്ധവുമാണ് ഞങ്ങളുടെ മലയാളം ചിത്രങ്ങളുടെ വിതരണത്തിന് സെഞ്ച്വറി ഫിലിംസിനെ ഏറ്റവും അനുയോജ്യമായ പങ്കാളിയാക്കുന്നത്. കേരളത്തിലെ പ്രേക്ഷകരിലേക്ക് ഏറ്റവും മികച്ച രീതിയിലും കൃത്യമായും ഞങ്ങളുടെ സിനിമകൾ എത്തിക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
സെഞ്ച്വറി കൊച്ചുമോൻ (തലവൻ, സെഞ്ച്വറി ഫിലിംസ്):”സിനിമ എന്നത് എപ്പോഴും ശക്തമായ ബന്ധങ്ങളുടെയും ഒരേ കാഴ്ചപ്പാടുകളുടെയും ഫലമാണ്. പുത്തൻ രീതിയിലുള്ളതും ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്നതുമായ സമീപനമാണ് പനോരമ സ്റ്റുഡിയോസിന്റേത്; ഒപ്പം കഥ പറയുന്ന കലയോട് അവർക്ക് വലിയ ബഹുമാനവുമുണ്ട്. സെഞ്ച്വറി ഫിലിംസിനെ സംബന്ധിച്ചിടത്തോളം ഈ സഹകരണം ഒരു സ്വാഭാവികമായ മുന്നേറ്റമാണ്. കൂടുതൽ കരുത്തോടെയും വലിയ തോതിലും അർത്ഥവത്തായ മലയാള സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
നിർമ്മാണം, വിതരണം, സംഗീതം, സിൻഡിക്കേഷൻ, ഉപകരണങ്ങളുടെ വാടക (equipment rental), പബ്ലിസിറ്റി ഡിസൈൻ തുടങ്ങി സിനിമാ രംഗത്തെ വിവിധ മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ സജീവമാണ് പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ. ‘ഓംകാര’യിലൂടെ തുടങ്ങിയ ഇവർ ‘സ്പെഷ്യൽ 26’, ‘പ്യാർ കാ പഞ്ച്നാമ’, ‘ദൃശ്യം 1 & 2’, ‘റെയ്ഡ് 1 & 2’, ‘സെക്ഷൻ 375’, ‘ഖുദാ ഹാഫിസ്’, ‘ഷൈത്താൻ’ തുടങ്ങി 50-ലേറെ പുരസ്കാരങ്ങൾ നേടിയ നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമെ മലയാളം, മറാത്തി, ഗുജറാത്തി, പഞ്ചാബി ഭാഷകളിലേക്കും പനോരമ പ്രവർത്തനം വ്യാപിപ്പിച്ചു. ഒക്ടോബർ 2-ന് റിലീസ് ചെയ്യുന്ന ‘ദൃശ്യം 3’ ആണ് ഇവരുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. വാർത്താ പ്രചരണം: ഹെയിൻസ്.


