വിഎഫ്എക്സ് അല്ല, കൊമ്പനുമായി നേരിട്ട് ഏറ്റുമുട്ടി പെപ്പെ; ‘കാട്ടാളൻ’ ബിടിഎസ് വൈറൽ

മലയാള സിനിമയിൽ ഇതുവരെ കാണാത്ത ആക്ഷൻ വിരുന്നൊരുക്കാൻ ആന്‍റണി വർഗീസ് പെപ്പെയും സംവിധായകൻ പോൾ ജോർജും ഒന്നിക്കുന്ന ‘കാട്ടാളൻ’ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് പിന്നാലെ, സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ബിടിഎസ് (Behind The Scenes) വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കാട്ടുകൊമ്പനുമായുള്ള നായകന്റെ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങളാണ് വീഡിയോയിലെ പ്രധാന ആകർഷണം. ഈ രംഗങ്ങൾ വിഎഫ്എക്സ് സഹായമില്ലാതെ യഥാർത്ഥ ആനയെ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നു.
ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം മേയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന ഖ്യാതി നേടിയ ‘മാർക്കോ’യ്ക്ക് ശേഷം അതേ പ്രൊഡക്ഷൻ ഹൗസിൽ നിന്നും എത്തുന്നതിനാൽ കാട്ടാളനിലും ഹെവി ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കാം. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആന്‍റണി വർഗീസ് സ്വന്തം പേരിൽ തന്നെയാണ് അഭിനയിക്കുന്നത്.
തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയ്ക്ക് വേണ്ടി ആക്ഷൻ ഒരുക്കുന്നത് ‘ഓങ്-ബാക്ക് 2’, ‘ബാഹുബലി 2’, ‘ജവാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ കെച്ച കെംബഡികെയാണ്. ‘ഓങ്-ബാക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പോംഗ് എന്ന ആനയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ‘കാന്താര ചാപ്റ്റർ 2’ വിന് ശേഷം അജനീഷ് ലോക്നാഥ് സംഗീതം നൽകുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിങ് തുടങ്ങിയ പാൻ ഇന്ത്യൻ താരങ്ങളും ജഗദീഷ്, സിദ്ധിഖ് എന്നിവരുമടങ്ങുന്ന വൻ താരനിര തന്നെ അണിനിരക്കുന്നു.
ഉണ്ണി ആർ സംഭാഷണമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദാണ്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വമ്പൻ ബജറ്റിലും സാങ്കേതിക മികവിലും ഒരുങ്ങുന്ന ‘കാട്ടാളൻ’ മലയാള സിനിമയിലെ ഒരു ദൃശ്യവിസ്മയമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.


