സോനാക്ഷി സിൻഹയുടെ സൈക്കോളജിക്കൽ ത്രില്ലർ ‘നികിത റോയ്’ മെയ് 30ന്

എൻവിബി ഫിലിംസ് നിർമ്മിക്കുന്ന ‘നികിത റോയ്’ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 2025 മെയ് 30ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ഔദ്യോഗിക റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. നിക്കിയും വിക്കി ഭഗ്നാനിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സോനാക്ഷി സിൻഹ, അർജുൻ രാംപാൽ, പരേഷ് റാവൽ, സുഹൈൽ നയ്യാർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കുഷ് എസ് സിൻഹയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിഗൂഢതയും, മാനസിക പിരിമുറുക്കവും, മനുഷ്യന്റെ ദുർബലതകളും ഈ സിനിമയുടെ പ്രധാന പ്രമേയങ്ങളാണ്.
നികിത പൈ ഫിലിംസ് ലിമിറ്റഡുമായി സഹകരിച്ച് കിഞ്ചൽ അശോക് ഘോൺ, നിക്കി ഖേംചന്ദ് ഭഗ്നാനി, വിക്കി ഭഗ്നാനി, അങ്കുർ തക്രാനി, ദിനേശ് രതിറാം ഗുപ്ത, ക്രാറ്റോസ് എന്റർടൈൻമെന്റ് എന്നിവരും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളാണ്. പ്രശസ്ത ത്രില്ലർ എഴുത്തുകാരൻ പവൻ കിർപലാനിയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഈ സിനിമ തങ്ങളുടെ ഹൃദയത്തോട് വളരെ അടുത്തതാണെന്നും, മിക്ക സിനിമകളും സഞ്ചരിക്കാൻ മടിക്കുന്ന ചില വിഷയങ്ങളിലൂടെ ഈ ചിത്രം കടന്നുപോകുന്നുണ്ടെന്നും നിർമ്മാതാക്കളായ നിക്കിയും വിക്കി ഭഗ്നാനിയും അഭിപ്രായപ്പെട്ടു. മികച്ച താരനിരയും, ആകർഷകമായ കഥയും, കുഷ് എസ് സിൻഹയുടെ സംവിധാനവും ഒത്തുചേരുമ്പോൾ ‘നികിത റോയ്’ പ്രേക്ഷകർക്ക് ഒരു നല്ല സിനിമാനുഭവമായിരിക്കും നൽകുക എന്നും അവർ സൂചിപ്പിച്ചു.
ആനന്ദ് മേത്ത, പ്രകാശ് നന്ദ് ബിജ്ലാനി, ശക്തി ഭട്നഗർ, മെഹ്നാസ് ഷെയ്ഖ്, പ്രേം രാജ് ജോഷി എന്നിവരാണ് ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. കൗതുകകരമായ പ്രമേയം, മികച്ച അഭിനേതാക്കൾ, വേറിട്ട അവതരണ രീതി എന്നിവയിലൂടെ ‘നികിത റോയ്’ ഈ വർഷം ശ്രദ്ധ നേടുന്ന ത്രില്ലറുകളിൽ ഒന്നായി മാറും എന്ന് പ്രതീക്ഷിക്കാം. ചിത്രം 2025 മെയ് 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പിആർഒ – ശബരി