200 കോടി ക്ലബ്ബിൽ തലയും; ‘ഗുഡ് ബാഡ് അഗ്ലി’ തരംഗം തുടരുന്നു

തമിഴ് സൂപ്പർ താരം തല അജിത് നായകനായ ‘ഗുഡ് ബാഡ് അഗ്ളി’ ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി പ്രദർശനം തുടരുന്നു. ഏപ്രിൽ പത്തിന് ആഗോള റിലീസായി എത്തിയ ചിത്രം ഇതിനോടകം 200 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്, ആദ്യമായാണ് ഒരു അജിത് ചിത്രം ആഗോള ഗ്രോസ് ആയി ഇരുനൂറു കോടി കളക്ഷൻ നേടുന്നത്. 205 കോടിയാണ് ഇതുവരെ ചിത്രം നേടിയ ആഗോള ഗ്രോസ്.
അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി ചിത്രം മാറിക്കഴിഞ്ഞു. ഈ വർഷം 200 കോടി ക്ലബിൽ എത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ഗുഡ് ബാഡ് അഗ്ലി. റിലീസ് ചെയ്ത് ഒൻപതാം ദിനമാണ് ചിത്രം ഈ നേട്ടത്തിലെത്തിയത്. വിശ്വാസം, തുനിവ് എന്നീ അജിത് ചിത്രങ്ങളുടെ കളക്ഷൻ മറികടന്നു കൊണ്ടാണ് ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായത്.
ഇന്ത്യയിൽ നിന്ന് ഈ ചിത്രം നേടിയ കളക്ഷൻ 148 കോടിയാണ്. അതിൽ 123 കോടിയോളം നേടിയത് തമിഴ്നാട് നിന്ന് മാത്രമാണ്. 57 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ നേടിയ വിദേശ കളക്ഷൻ. “വിശ്വാസം” കഴിഞ്ഞാൽ തമിഴ്നാട് നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അജിത് ചിത്രം കൂടിയാണ് ഇപ്പോൾ ഗുഡ് ബാഡ് അഗ്ലി. 135 കോടിക്ക് മുകളിലാണ് വിശ്വാസം നേടിയ തമിഴ്നാട് കളക്ഷൻ.
ചിത്രത്തിലുടനീമുള്ള വിന്റേജ് അജിത് ചിത്രങ്ങളുടെ റെഫെറെൻസ് ആരാധകർക്ക് ആവേശമാകുന്നുണ്ട്. വമ്പൻ സ്വീകരണമാണ് അത്തരം ഓർമ്മപെടുത്തലുകൾക്കു തീയേറ്ററുകളിൽ ലഭിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് ഇങ്ങനെ ഒരു അജിത് ചിത്രം പ്രേക്ഷകർക്കിടയിൽ ആഘോഷിക്കപ്പെടുന്നത്. തീയേറ്ററുകളെ ഇളക്കി മറിക്കുന്ന പഞ്ച് ഡയലോഗുകളും, ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ സവിശേഷത. അക്ഷരാർത്ഥത്തിൽ ഒരു അജിത് ആഘോഷമാണ് ഗുഡ് ബാഡ് അഗ്ലി.
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. അജിത് കൂടാതെ തൃഷ, അർജുൻ ദാസ്, പ്രസന്ന, പ്രഭു, സുനിൽ, കാർത്തികേയ ദേവ്, ജാക്കി ഷെറോഫ്, റെഡ്ഡിൻ കിങ്സ്ലി, സിമ്രാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.