“മോഹൻലാൽ ഫാൻസ് നിറഞ്ഞ തിയേറ്ററിൽ ഒരിക്കൽകൂടി കാണണം ലൂസിഫർ”: നാനി
തന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘ദസറ’യുടെ പ്രൊമോഷന്റെ തിരക്കിൽ ആണ് തെലുങ്ക് നടൻ നാനി. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലും എത്തിയ നാനി, ‘ലൂസിഫർ’ എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളിപ്പോൾ ശ്രദ്ധേയമാകുകയാണ്. കേരളത്തിലെ തിയേറ്ററിൽ ഒരു സിനിമ കാണാൻ അവസരം കിട്ടുകയാണെങ്കിൽ ഏത് സിനിമയാകും തിരഞ്ഞെടുക്കുക എന്ന് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നാനി.
കേരളത്തിലെ തിയേറ്ററിൽ താൻ കാണാൻ ആഗ്രഹിക്കുന്ന ചിത്രം ലൂസിഫർ ആണെന്ന് നാനി പറയുന്നു. അതും മോഹൻലാൽ ആരാധകർ നിറഞ്ഞ കേരളത്തിലെ സിംഗിൾ സ്‌ക്രീൻ തിയേറ്ററിൽ തന്നെ ലൂസിഫർ കാണാനാണ് ആഗ്രഹം എന്നും നാനി കൂട്ടിചേർക്കുന്നു. ഒടിടിയിൽ ആണ് താൻ ഈ ചിത്രം കണ്ടത്. തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യണം, എന്തെന്നാൽ മികച്ച കൊമേർഷ്യൽ ചിത്രമാണ് ലൂസിഫർ, നാനി പറയുന്നു. സിനിമ കാണാൻ കഴിയും എന്നാൽ ഡയലോഗുകൾ കേൾക്കാൻ ആവില്ല എന്ന് അവതാരകൻ ഓർമ്മപ്പെടുത്തിയപ്പോൾ തനിക്ക് ഡയലോഗുകൾ അറിയാം എന്നാണ് നാനി മറുപടി നൽകിയത്.
റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് നാനി ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ലൂസിഫർ മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ കഴിഞ്ഞ വർഷം റിലീസ് ആയിരുന്നു. ചിരഞ്ജീവി നായകനായ ഈ ചിത്രം പക്ഷെ ഒരു ബോക്സ് ഓഫീസ് പരാജയമായി മാറുകയായിരുന്നു. എന്നിരുന്നാലും, ഒറിജിനൽ മലയാള സിനിമയോടുള്ള നാനിയുടെ സ്നേഹം മാറ്റമില്ലാതെ തുടരുന്നു, അവിസ്മരണീയമായ ഒരു അനുഭവത്തിനായി മോഹൻലാൽ ഫാൻസിന് ഒപ്പം തിയേറ്ററിൽ കാണാനും താരം ആഗ്രഹിക്കുന്നു.