അന്‍പത് കോടി ബഡ്ജറ്റിൽ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ; എഴുപത് ശതമാനം ചിത്രീകരണം കടലില്‍!
മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ. ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണനും ടി പി രാജീവനും ചേർന്നാണ്. അന്‍പത് കോടിയോളം മുതൽ മുടക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രത്തിന്റെ എഴുപത് ശതമാനത്തോളവും കടലിൽ ആണ് ചിത്രീകരിക്കുക എന്ന് സംവിധായകനായ സന്തോഷ് ശിവൻ പറയുന്നു.
വി എഫ് എക്സ് വലിയ രീതിയിൽ ഉപയോഗിച്ച് ആയിരിക്കും ഈ സിനിമ പൂർത്തിയാക്കുക എന്നും അദ്ദേഹം പറയുന്നു. കൂടുതൽ ഭാഗവും കടലിൽ ഷൂട്ട് ചെയ്യേണ്ട ചിത്രം ആയതിനാൽ സംവിധായകനെന്ന നിലയിൽ ഈ ചിത്രം വലിയ വെല്ലുവിളി തന്നെയാണ് സമ്മാനിക്കുക എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി എഫ് എക്സ് ജോലികൾ ചെയ്യുന്നതിനായി വിദേശത്ത് നിന്നുള്ള സാങ്കേതിക പ്രവർത്തകരെ ആയിരിക്കും കൊണ്ട് വരിക. അതോടൊപ്പം ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിനൊപ്പം ഉണ്ടാകും.
മമ്മൂട്ടിയോടൊപ്പം ഒരു ചൈനീസ് സൂപ്പർ താരവും ഈ ചിത്രത്തിൽ അഭിനയിക്കും എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം ജാക്കി ചാൻ എത്തുമെന്നൊക്കെയുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ കുറച്ചു നാള് മുൻപേ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. സന്തോഷ് ശിവൻ ഈ ചിത്രത്തിന്റെ ക്യാമറ മാത്രമായിരിക്കും ചലിപ്പിക്കുക എന്നും, കുഞ്ഞാലി മരയ്ക്കാർ സംവിധാനം ചെയ്യാൻ പോകുന്നത് ചിലപ്പോൾ സന്തോഷ് ശിവന്റെ അനുജനും സംവിധായകനുമായ സംഗീത് ശിവൻ ആയിരിക്കുമെന്നുമുള്ള വാർത്തകളും ഈ അടുത്തിടെ മാധ്യമങ്ങളിലൂടെ പരന്നിരുന്നു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശനും കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ഒരുക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടി ചിത്രം എട്ടു മാസത്തിനുള്ളിൽ തുടങ്ങിയില്ലെങ്കിൽ താൻ തന്റെ പ്രൊജക്റ്റും ആയി മുന്നോട്ടു പോകുമെന്നും പ്രിയദർശൻ പറഞ്ഞു. സന്തോഷ് ടി കുരുവിളയാണ് മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ചിത്രം നിർമ്മിക്കുന്നത്. ചരിത്രത്തിൽ നാലു കുഞ്ഞാലി മരയ്ക്കാര്‍മാര്‍ ഉള്ളതിൽ നാലാമന്റെ കഥയാണ് സന്തോഷ് ശിവനും പ്രിയദർശനും പറയാൻ തീരുമാനിച്ചിരിക്കുന്നത് എന്നതും കൗതുകകരമായ കാര്യമാണ്.