in

കൊമ്പനെ കാൽച്ചുവട്ടിലാക്കി ആന്‍റണി വർഗീസ് പെപ്പെ; ‘കാട്ടാളൻ’ സെക്കൻഡ് ലുക്ക് പുറത്ത്

കൊമ്പനെ കാൽച്ചുവട്ടിലാക്കി ആന്‍റണി വർഗീസ് പെപ്പെ; ‘കാട്ടാളൻ’ സെക്കൻഡ് ലുക്ക് പുറത്ത്

മലയാള സിനിമയിലെ വയലൻസ് ദൃശ്യങ്ങളിൽ പുതിയ ചരിത്രമെഴുതിയ ‘മാർക്കോ’യ്ക്ക് ശേഷം, ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘കാട്ടാളൻ’. ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

കൊടും മഴയിൽ, ഒരു കൊമ്പനാനയുമായുള്ള കടുത്ത പോരാട്ടത്തിന് ശേഷം അതിൻ്റെ മസ്തകം പിളർന്ന് മഴുവും ഏന്തി നിൽക്കുന്ന ആന്‍റണി വർഗീസിനെയാണ് പോസ്റ്ററിൽ കാണുന്നത്. ‘മാർക്കോ’ പോലെ തന്നെ ഹെവി വയലൻസ് ഈ ചിത്രത്തിലും പ്രതീക്ഷിക്കാം എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിൻ്റെ ടീസർ ജനുവരി 16-നും, വേൾഡ് വൈഡ് റിലീസ് മെയ് 14-നും നടക്കും.

തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയിൽ ലോകപ്രശസ്തമായ ‘ഓങ്-ബാക്ക്’ സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കെംബഡികെയാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. ഇതിനുപുറമെ ഓങ്-ബാക്കിലൂടെ ശ്രദ്ധേയനായ ‘പോംഗ്’ എന്ന ആനയും ചിത്രത്തിൻ്റെ ഭാഗമാകുന്നു. ബാഹുബലി 2, ജവാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ കെച്ചയുടെ സാന്നിധ്യം ചിത്രത്തെ ഒരു പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലറാക്കി മാറ്റുന്നു.

തമിഴ് താരം ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിങ് തുടങ്ങിയ പാൻ ഇന്ത്യൻ താരങ്ങളും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തീവാരി, ഷിബിൻ എസ്. രാഘവ്, പ്രണവ് രാജ് (ഹിപ്സ്റ്റർ), കോൾ മീ വെനത്ത് എന്നിവരും അണിനിരക്കുന്നു. കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഉണ്ണി ആർ. സംഭാഷണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. നിഹാൽ സാദിഖിൻ്റെ പ്രൊമോ ഗാനവും ചിത്രത്തിലുണ്ട്. ഫാർസ് ഫിലിംസാണ് ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

അല്ലു അർജുൻ – ലോകേഷ് കനകരാജ് ചിത്രം: അനൗൺസ്‌മെന്റ് വീഡിയോ പുറത്ത്; ചിത്രീകരണം 2026 ഓഗസ്റ്റിൽ

2046-ലെ നിയോ കൊച്ചിയുടെ കഥയുമായി കൃഷാന്ത്; ‘മസ്തിഷ്ക മരണം’ ടീസർ പുറത്തിറങ്ങി