‘റാം’ രണ്ട് ഭാഗങ്ങളാക്കാൻ കാരണം കെജിഎഫും പുഷ്പയുമോ? ജീത്തുവിന്റെ മറുപടി ഇങ്ങനെ…

കോവിഡ് മഹാമാരി വരുന്നതിന് മുമ്പ് തന്നെ പകുതിയോളം ചിത്രീകരിച്ച മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘റാം’ ഇപ്പോൾ മുൻപത്തേക്കാൾ വലിയ ചിത്രമായി മാറിയിരിക്കുക ആണ്. മാത്രവുമല്ല, ചിത്രം രണ്ട് ഭാഗങ്ങളായി ഇറക്കാൻ തീരുമാനവും എടുത്തിരിക്കുക ആണ്. യുകെയിലും ടുണീഷ്യയിലുമായി നടന്ന ഷെഡ്യൂളുകൾക്ക് ശേഷം മൊറോക്കോയിലാണ് റാമിന്റെ അടുത്തഘട്ട ചിത്രീകരണം നടക്കുന്നത്. റാമിനെ ചുറ്റിപറ്റി വരുന്ന വാർത്തകൾ ഒക്കെയും ആരാധകർ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ഇപ്പോളിതാ റാം സ്കെയിൽ ചെയ്യാനും രണ്ട് ചിത്രങ്ങൾ ആകാനും ഉണ്ടായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുക ആണ് സംവിധായകൻ ജീത്തു ജോസഫ്. ഒടിടിപ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ജീത്തു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
റാമിന്റെ സ്കോപ്പ് വർദ്ധിപ്പിക്കാൻ കാരണം നായകനായ റാമിന്റെ കഥാപാത്രം അങ്ങനെയായത് കൊണ്ട് ആണെന്ന് ജീത്തു പറയുന്നു. പാൻ വേൾഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് റാം. അത്തരം ഒരു കഥാപാത്രത്തെ ആദ്യം ഒരു സിനിമയിൽ ഒതുക്കിയിരുന്നു. എന്നാൽ ദൃശ്യം 2 ന്റെ സ്വീകാര്യതതും ലാൽ സാറിന്റെ മാർക്കറ്റ് വിപുലീകരണവും രണ്ട് വർഷത്തോളം വന്ന കാലതാമസവും ഒക്കെ ആയപ്പോൾ ഒരു വലിയ ക്യാൻവാസിൽ ചിത്രം ചെയ്യാം എന്ന് തനിക്ക് തോന്നി എന്ന് ജീത്തു പറയുന്നു. ഈ സാദ്യതകൾ ലാൽ സാറിനോടും നിർമ്മാതാക്കളോടും പറഞ്ഞപ്പോൾ അവർക്കും ഓകെ ആയിരുന്നു എന്നും അങ്ങനെയാണ് ചിത്രത്തിന്റെ സ്കെയിൽ വർദ്ധിപ്പിച്ചത് എന്നും ജീത്തു വ്യക്തമാക്കി.
ചിത്രം ഡ്യൂയോളജി ആയി മാറാൻ കാരണം കെജിഎഫ്, പുഷ്പ എന്നീ ചിത്രങ്ങളെ പിന്തുടർന്നതിനാൽ ആണോ എന്ന ചോദ്യത്തിനും ജീത്തു ഉത്തരം നൽകി. റാമിന്റെ ജീവിതത്തിലെ ഒരു പ്രത്യേക മേഖലയിൽ ചില അധിക ജോലികൾ വേണ്ടി വന്നു എന്നും അതും കൂടി ചിത്രത്തിൽ ഉൾപ്പെടുത്തണം എങ്കിൽ അത് ഒരു സിനിമയിൽ മാത്രം ഒതുങ്ങുകയില്ല എന്നും ജീത്തു മറുപടി നൽകി. അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നിർമ്മിക്കാനാവില്ല, അതുകൊണ്ട് രണ്ടാക്കി. എഡിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രധാന ഭാഗങ്ങൾ ട്രിം ചെയ്ത് അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും തുടർച്ചയെ ബാധിക്കുകയും ഉണ്ടായി എന്ന് ജീത്തു പറയുന്നു.